ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവർക്ക് ശ്രീലങ്കൻ ഹൈക്കമ്മീഷൻ പാസ്‌പോർട്ട് അനുവദിച്ചതായി തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ചാൽ ഇവരെ ശ്രീലങ്കയിലേക്ക് അയക്കുമെന്നും സംസ്ഥാന സർക്കാർ വെളിപ്പെടുത്തി.
ജസ്‌റ്റിസ് ആർ സുരേഷ് കുമാർ, കെ കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബ്രിട്ടനിലേക്ക് പോകാൻ വേണ്ടി വിസ അപേക്ഷിക്കുന്നതിനായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുരുകൻ എന്ന ശ്രീഹരൻ കോടതിയെ സമീപിച്ചിരുന്നു.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ മുനിയപ്പ രാജ് ശ്രീലങ്കൻ ഹൈക്കമ്മീഷൻ ഇവര്‍ക്ക് പാസ്‌പോർട്ട് നൽകുന്നതിനെക്കുറിച്ചും ശ്രീലങ്കയിലേക്ക് അയക്കുന്നതിനെക്കുറിച്ചും ബെഞ്ചിനെ അറിയിച്ചു. ജയകുമാർ, റോബർട്ട് ബയാസ് എന്നിവരെ ശ്രീലങ്കയിലേക്ക് അയക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തെഴുതിയതായും അദ്ദേഹം അറിയിച്ചു. മുരുകന് പാസ്‌പോർട്ട് അനുവദിച്ചതിനാൽ യുകെയിലേക്കുള്ള യാത്രയ്ക്ക് ഇനി തിരിച്ചറിയൽ കാർഡ് ആവശ്യമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്.