ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മുൻ പ്രതി ശ്രീഹരൻ എന്ന മുരുകന് അകമ്പടിയ്‌ക്കായുള്ള സജ്ജീകരണമൊരുക്കിയതായി തമിഴ്‌നാട് സർക്കാർ. ഇംഗ്ലണ്ടില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകാനുള്ള യാത്രാരേഖകൾക്കായി ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ശ്രീലങ്കൻ ഹൈക്കമ്മീഷനെ സമീപിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
1991 ൽ മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ട് നീണ്ട തടവിന് ശേഷം 2022 നവംബറിൽ സുപ്രീം കോടതി മോചിപ്പിച്ച ഏഴ് കുറ്റവാളികളിൽ ഒരാളാണ് ശ്രീലങ്കൻ പൗരനായ മുരുകൻ. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് കേസിലെ മുൻ പ്രതിയും മുരുകന്‍റെ ഭാര്യയുമായ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു.
തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യൽ ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്ന തന്‍റെ ഭർത്താവിനെ ചെന്നൈയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷനിൽ ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകാൻ അനുവദിക്കണമെന്ന് നളിനി ഹർജിയിൽ അധികാരികളോട് ആവശ്യപ്പെട്ടു.
മുരുകന്‍റെ പാസ്‌പോർട്ടോ യാത്രാരേഖയോ ലഭിക്കുന്നതിനുള്ള നടപടികള്‍ക്കായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കൂടികാഴ്‌ച നിശ്ചയിക്കാൻ ഹൈക്കമ്മീഷനെ ബന്ധപ്പെടാൻ തിരുച്ചി ജില്ലാ കലക്‌ടറോട് മാർച്ച് എട്ടിന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ബുധനാഴ്‌ച ഉച്ചയ്ക്ക് 12.30 ന് ശ്രീലങ്കൻ ഹൈക്കമ്മീഷനിലേക്ക് ഹര്‍ജിക്കാരിയുടെ ഭർത്താവിനെ കൊണ്ടുപോകാൻ എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്ന് ജില്ലാ കലക്‌ടർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുരുകനെ നാളെ ഹൈക്കമ്മീഷന് മുന്നില്‍ ഹാജരാക്കുന്നത്. ഹൈക്കമ്മീഷനിലെ ജോലികൾ പൂർത്തിയാക്കിയ ശേഷം മുരുകനെ വീണ്ടും പൊലീസ് അകമ്പടിയോടെ ട്രിച്ചി ക്യാമ്പിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജീവ് വധക്കേസിലെ പ്രതികള്‍ ജയില്‍ മോചിതരായിരുന്നെങ്കിലും രാജ്യം വിട്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ എങ്ങുമെത്തിയിരുന്നില്ല. ശ്രീലങ്കന്‍ സര്‍ക്കാരാണ് ഇവര്‍ക്ക് പാസ്പോര്‍ട്ടും മറ്റ് രേഖകളും നല്‍കേണ്ടത്.