മുംബൈ : കുവൈത്തിൽ നിന്ന് മത്സ്യബന്ധന ബോട്ടിൽ ഇന്ത്യയിലെത്തിയ തമിഴ്‌നാട് സ്വദേശികളെ മുംബൈയിൽ വച്ച് പിടികൂടി കസ്‌റ്റഡിയിൽ വിട്ടു. ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം സംശയാസ്‌പദമായ രീതിയിൽ കണ്ടെത്തിയ ബോട്ടിലെ മൂന്ന് പേരെയാണ് ഫെബ്രുവരി 10 വരെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. ചൊവ്വാഴ്‌ചയാണ് മൂന്നുപേരുമായി തീരത്തോട് ചേർന്ന് കറങ്ങുന്ന അബ്‌ദുള്ള ഷെരീഫ് എന്ന ബോട്ട് പിടിച്ചെടുത്തത്.
കന്യാകുമാരി സ്വദേശികളായ നിറ്റ്‌സോ ഡിറ്റോ (31), വിജയ് അന്തോണി (29), ജെ അനീഷ് (29) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. കുവൈത്തിൽ മത്സ്യബന്ധന ജോലി ചെയ്‌തുവന്ന ഇവർ തൊഴിലുടമയുടെ പീഡനം മൂലം അയാളുടെ ബോട്ട് മോഷ്‌ടിച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.
കൊളാബ പൊലീസിന്‍റെ അന്വേഷണത്തിൽ സംശയാസ്‌പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. അനധികൃതമായി രാജ്യത്ത് കടന്നതിന് പാസ്‌പോർട്ട് നിയമത്തിലെ വകുപ്പുകൾ പ്രകാരം മൂന്ന് പേർക്കുമെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ഗുജറാത്ത് തീരത്ത് 350 കോടിയുടെ ലഹരിമരുന്ന് വേട്ട; പാക് ബോട്ടിൽ ആറ് പേർ പിടിയിൽ
2008 നവംബറിൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ 10 പാകിസ്ഥാൻ ഭീകരർ കടൽമാർഗമാണ് ഇന്ത്യയിലെത്തിയത്. ഈ പശ്ചാത്തലത്തിൽ മൂന്നുപേർ കുവൈത്തിൽനിന്ന് ബോട്ടിൽ മുംബൈയിലെത്തിയത് വലിയ സുരക്ഷാവീഴ്‌ചയാണ്.