ആഗ്ര : ഉത്തർപ്രദേശിലെ ഗുണ്ടാത്തലവനും, രാഷ്ട്രീയ നേതാവുമായ മുഖ്‌താർ അൻസാരി ഹൃദയാഘാതത്തെത്തുടർന്ന് ജയിലിൽ മരിച്ചു. ബാന്ദയിലെ ജയിലിൽ തടവിൽ കഴിയവെയാണ് മരണം. മരണത്തിൽ മുഖ്‌താറിന്‍റെ കുടുംബം ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുഖ്‌താർ അൻസാരിക്ക് ഭക്ഷണത്തിൽ വിഷം നൽകിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
മുഖ്‌താർ അൻസാരിയുടെ രാജകീയ ജയില്‍വാസം : 25 വർഷം മുമ്പ് മുഖ്‌താർ അൻസാരി ആദ്യമായി ആഗ്ര സെൻട്രൽ ജയിലിൽ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ ബാരക്കിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. പൊലീസ് ബാരക്കുകളില്‍ നടത്തിയ റെയ്‌ഡിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, മൊബൈലും, നിരവധി സിം കാർഡുകളും ബാരക്കിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച് ജഗദീഷ്‌പുര പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്‌താർ അൻസാരിക്കെതിരെ കേസെടുത്തു. ആ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
25 വർഷത്തിനിടെ 17 സാക്ഷികളാണ് ഈ കേസിൽ ഇതുവരെ മൊഴി നൽകിയത്. ഏപ്രിൽ നാലായിരുന്നു വിചാരണ തീയതി. എന്നാൽ മുഖ്‌താർ അൻസാരിയുടെ മരണശേഷം സാക്ഷിമൊഴികൾ അപൂർണമായിരുന്നു. മാത്രമല്ല ആഗ്ര സെൻട്രൽ ജയിലിൽ കിടന്ന് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മുഖ്‌താർ അൻസാരി മത്സരിച്ചിരുന്നു.
1999-ൽ ആണ് മുഖ്‌താർ അൻസാരി ആഗ്ര സെൻട്രൽ ജയിലിൽ എത്തിയത്. സെൻട്രൽ ജയിലിലെ അഞ്ചാം നമ്പർ ബാരക്കിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. മുഖ്‌താർ അൻസാരി സെൻട്രൽ ജയിലിൽ എത്തിയതിനെ തുടർന്ന് ഏറെ ചർച്ചകളും, വിവാദങ്ങളും ഉണ്ടായി. ജയിലിൽ മുഖ്‌താർ അൻസാരിക്ക് എല്ലാ സൗകര്യങ്ങളും കിട്ടിക്കൊണ്ടിരുന്നു. ഇതിനുനേരെ ജയിൽ അധികൃതര്‍ കണ്ണടച്ചു.
ജയിലിൽ മുഖ്‌താർ അൻസാരി മൊബൈലിൽ സംസാരിക്കാറുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. 1999 മാർച്ച് 18ന് അന്നത്തെ ആഗ്ര ഡിഎം ആർ കെ തിവാരി, എസ്എസ്‌പി സുബീഷ് കുമാർ സിങ് എന്നിവര്‍ പൊലീസ് സംഘത്തോടൊപ്പം ആഗ്ര സെൻട്രൽ ജയിലിൽ റെയ്‌ഡ് നടത്തി. ഇതേക്കുറിച്ച് ജയിൽ അധികൃതർക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലായിരുന്നു. അന്നത്തെ ഡിഎമ്മും, എസ്എസ്‌പിയും സംഘത്തോടൊപ്പം മുഖ്‌താർ അൻസാരിയുടെ അഞ്ചാം നമ്പർ ബാരക്കിൽ എത്തി.
പൊലീസ് സംഘത്തിന്‍റെ കണ്ടെത്തല്‍ : മുഖ്‌താർ അൻസാരിയുടെ ബാരക്കിൽ നടത്തിയ പരിശോധനയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, മൊബൈല്‍ ഫോണ്‍, രണ്ട് സിം കാര്‍ഡുകള്‍, മറ്റ് നിരോധിത വസ്‌തുക്കള്‍ എന്നിവ കണ്ടെടുത്തു. അന്നത്തെ ജഗദീഷ്‌പുര പൊലീസ് സ്‌റ്റേഷൻ മേധാവി ശിവശങ്കർ ശുക്ലയുടെ പരാതിയിലാണ് മുഖ്‌താർ അൻസാരിക്കെതിരെ കേസെടുത്തത്. ഇതിൽ 25 സാക്ഷികളെ വിസ്‌തരിച്ചു.
കേസിലെ സാക്ഷികളും മൊഴിയും : മുഖ്‌താർ അൻസാരിക്കെതിരെ ഫയൽ ചെയ്‌ത കേസിൽ അന്നത്തെ ഡിഎം ആർകെ തിവാരി, എസ്എസ്‌പി സുബീഷ് കുമാർ സിങ്, എസ്‌പി ഡിസി മിശ്ര, എഡിഎം എകെ സിങ്, മജിസ്‌ട്രേറ്റ് പി എൻ ദുബെ എന്നിവരെയും സാക്ഷികളാക്കി. ഇതിൽ പരാതിക്കാരനായ ശിവശങ്കർ ശുക്ല ഡിഎം ആർകെ തിവാരി, എസ്എസ്‌പി സുബീഷ് കുമാർ സിങ്, എസ്‌പി ഡിസി മിശ്ര, എഡിഎം എ കെ സിങ്, മജിസ്‌ട്രേറ്റ് പി എൻ ദുബെ, ചീഫ് മെഡിക്കൽ ഓഫിസർ എ കെ സക്‌സേന, സെൻട്രൽ ജയിൽ സീനിയർ സൂപ്രണ്ട് കേദാർനാഥ്, ഡെപ്യൂട്ടി ജയിലർ കൈലാഷ് ചന്ദ്, ഇൻസ്പെക്‌ടർ രൂപേന്ദ്ര ഗൗർ, ഖണ്ഡൗലി സ്വദേശി ജഗ്‌വീർ എന്നിവര്‍ ഉൾപ്പെടെ 17 പേരുടെ മൊഴിയെടുത്തു.
ഈ കേസിലെ നാല് സാക്ഷികൾ മരിച്ചിരുന്നു. ഇതിൽ അന്വേഷണ ഉദ്യോഗസ്ഥനടക്കം നാല് പേരുടെ മൊഴിയെടുക്കാനുണ്ട്. ഏപ്രിൽ നാലിനായിരുന്നു മൊഴിയെടുപ്പ്. എന്നാൽ ഇതിന് മുമ്പായി ഉണ്ടായ മുഖ്‌താർ അൻസാരിയുടെ മരണത്തെ തുടർന്ന് ഈ കേസും അവസാനിക്കും.
തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ചു : 2010ൽ ആഗ്ര സെൻട്രൽ ജയിലിൽ എത്തിയ മുഖ്‌താർ അൻസാരി നാലര വർഷത്തോളം ഇവിടെ തടവിലായിരുന്നു. അദ്ദേഹത്തിൻ്റെ നിരവധി സഹായികള്‍ ഇവിടേക്ക് എത്തുകയും, ആഗ്രയിൽ ക്യാമ്പ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.
ഹൗസിങ് ഡെവലപ്‌മെൻ്റിൽ ഇയാളുടെ അരഡസനോളം സഹായികളെ പൊലീസ് പിടികൂടി. അതിൽ രണ്ട് ഷാർപ്പ് ഷൂട്ടർമാരും ഉണ്ടായിരുന്നു. മാത്രമല്ല, 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഘോസി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയ ക്വാമി ഏകതാദളിൽ നിന്നും മുഖ്‌താർ അൻസാരി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
സിബിഐ കോടതി പ്രചാരണത്തിനായി അൻസാരിക്ക് 10 ദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചു. കനത്ത സുരക്ഷയിൽ 2014 മെയ് 10 ന് രാവിലെ അദ്ദേഹത്തെ ആഗ്ര സെൻട്രൽ ജയിലിൽ നിന്ന് മോചിപ്പിച്ചു.