അഹമ്മദാബാദ്: രാജ്യത്തെത്തിയതിൽ വച്ച് ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ 'എംഎസ്‌സി അന്ന' ഇന്ത്യൻ തീരത്ത് എത്തിച്ചേർന്നു. അഹമ്മദാബാദിലെ മുന്ദ്ര തുറമുഖത്താണ് കപ്പൽ എത്തിയത്. ഇന്നാണ് (മെയ് 26) ഇക്കാര്യം അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) ഇക്കാര്യം അറിയിച്ചത്.
ഏകദേശം നാല് ഫുട്ബോൾ മൈതാനങ്ങളുടെ നീളം വരുന്ന കപ്പലിന് 399.98 മീറ്റർ നീളവും 19,200 ടിഇയു ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ട്. എംഎസ്‌സി അന്നയുടെ വരവിലൂടെ മെഗാ കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള രാജ്യത്തെ തുറമുഖത്തിൻ്റെ ശേഷി ഉയർത്തിക്കാട്ടുക മാത്രമല്ല, ഇന്ത്യയുടെ സമുദ്ര വ്യാപാര ശേഷി വർധിപ്പിക്കുന്നതിൽ അതിൻ്റെ നിർണായക പങ്ക് കാണിക്കുകയും ചെയ്യുന്നുവെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
മുന്ദ്രയിലെ അദാനി തുറമുഖത്ത് മാത്രമേ ഈ കപ്പൽ ഉൾക്കൊള്ളാൻ കഴിയൂ. കാരണം ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും ഡീപ് ഡ്രാഫ്റ്റ് കപ്പൽ കയറ്റാനുള്ള ശേഷിയില്ല. വലിയ കണ്ടെയ്‌നർ കപ്പലുകൾ വരുന്നതിലൂടെ വലിയ തോതിലുള്ള ചരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള തുറമുഖത്തിന്‍റെ കഴിവിനെ കാണിക്കുന്നെന്നും അദാനി ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എംവി എംഎസ്‌സി ഹാംബർഗ് 2023 ജൂലൈയിൽ മുന്ദ്ര തുറമുഖത്തിൽ എത്തിയിരുന്നു. 399 മീറ്റർ നീളവും 16,652 ടിഇയു ശേഷിയുമുള്ള കപ്പലാണ് എംവി എംഎസ്‌സി ഹാംബർഗ്.