വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു കൂടിച്ചേരല്‍, അതിന്‍റെ മധുരം എത്രത്തോളമാണെന്ന് ഒരുപക്ഷെ അങ്ങനെ പറഞ്ഞറിയിക്കാൻ സാധിച്ചുവെന്ന് വന്നേക്കില്ല. അങ്ങനെയൊരു അനുഭൂതിയാണ് ഇന്ന് ഫര്‍സാന എന്ന ഒരു സ്ത്രീ അനുഭവിക്കുന്നത്. ഒന്നര ദശാബ്‌ദക്കാലത്തിനിപ്പുറം തന്‍റെ കുടുംബത്തെ വീണ്ടും കാണാനായതിന്‍റെ ആഹ്ലാദത്തിലാണ് അവര്‍.
മാനസിക വെല്ലുവിളി നേരിടുന്ന ഫര്‍സാന കര്‍ണാടക മംഗളൂരുവിലെ ഹൊയിഗെ ബസാര്‍ സ്വദേശിനിയാണ്. തന്‍റെ പ്രിയപ്പെട്ടവര്‍ക്കരികില്‍ നിന്നും പെട്ടന്നൊരു ദിനം അജ്ഞാതയായ ഫര്‍സാനയ്‌ക്ക് അവര്‍ക്കരികിലേക്ക് വീണ്ടുമെത്താൻ വേണ്ടി വന്നത് നീണ്ട 15 വര്‍ഷങ്ങളാണ്. അതിന് അവരെ സഹായിച്ചതാകട്ടെ വൈറ്റ് ഡോവ്‌സ് ഹോം എന്ന എൻജിഒ സംഘടനയും അതിന്‍റെ സ്ഥാപക കൊറിൻ റാസ്‌ക്വിൻഹയും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടിറങ്ങിയ ഫര്‍സാന എങ്ങോട്ടേക്ക് പോകണമെന്ന് അറിയാതെ തെരുവുകളിലൂടെ അലഞ്ഞുതിരിയുന്നതിനിടെയാണ് റാസ്‌ക്വിൻഹ അവരെ കാണുന്നത്. കണ്ടപാടെ തന്നെ റാസ്‌ക്വിൻഹ അവരെ കൂട്ടിക്കൊണ്ട് പോയി. താമസവും ചികിത്സയും നല്‍കി പരിചരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പെട്ടന്നൊരിക്കല്‍ കാണാതായ ഫര്‍സാനയെ തിരഞ്ഞ് അവരുടെ കുടുംബവും അന്വേഷണം തുടര്‍ന്നു. പലി ഇടങ്ങളിലായി അവരും എത്തിപ്പെട്ടെങ്കിലും ഫര്‍സാന എവിടെ എന്ന ചോദ്യത്തിന് മാത്രം ആ കുടുംബത്തിന് ഉത്തരം ലഭിച്ചിരുന്നില്ല.
അതിനിടെ, ഫര്‍സാനയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വൈറ്റ് ഡോവ്‌സ് ഹോം സ്ഥാപകയുടെ ഭാഗത്ത് നിന്നും നടന്നുകൊണ്ടേയിരുന്നു. എങ്ങനെയെങ്കിലും ഫര്‍സാനയെ തന്‍റെ കുടുംബത്തിന്‍റെ പക്കല്‍ തിരികെ ഏല്‍പ്പിക്കണമെന്ന ചിന്ത മാത്രമായിരുന്നു അവരുടെ ഭാഗത്ത്. വീട് എവിടെയാണെന്ന് ഫര്‍സാനയോട് തന്നെ ചോദിച്ചറിയാനുള്ള ശ്രമങ്ങള്‍ റാസ്‌ക്വിൻഹ നടത്തി.
മധൂര്‍ ഇറച്ചിക്കടയ്‌ക്ക് സമീപത്താണ് തന്‍റെ വീട് എന്ന് മാത്രമായിരുന്നു ഫര്‍സാന റാസ്‌ക്വിൻഹയോട് പറഞ്ഞത്. പ്രദേശത്ത് ഇറച്ചികടകള്‍ക്ക് മധൂര്‍ എന്ന് പൊതുവെ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഫര്‍സാന നല്‍കിയ ഉത്തരം മാത്രം പോരുമായിരുന്നില്ല അവരുടെ കുടുംബത്തെ കണ്ടെത്താൻ. എങ്കില്‍പ്പോലും ഫര്‍സാനയുടെ കുടുംബത്തെ കണ്ടെത്താനുള്ള പരിശ്രമം അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
അതിനിടെ മധൂര്‍ സ്വദേശിനിയായ മാനസിക വെല്ലുവിളി നേരിടുന്ന മറ്റൊരു യുവതിയെ തേടി അവരുടെ കുടുംബം റാസ്‌ക്വിൻഹയുടെ കേന്ദ്രത്തിലേക്ക് എത്തി. അവിടെ എത്തിയ അവര്‍ മടങ്ങുമ്പോള്‍ ഫര്‍സാനയെ കുറിച്ചുള്ള ഒരു കുറിപ്പും അവര്‍ കൊടുത്തുവിട്ടു. എന്നിട്ട്, മധൂര്‍ ഇറച്ചിക്കടയ്‌ക്ക് സമീപത്ത് തങ്ങള്‍ക്ക് അറിയുന്ന ആരുടെയെങ്കിലും കൈവശം ഈ കത്ത് നല്‍കണമെന്നും പറഞ്ഞിരുന്നു.
ആ കുറിപ്പ് ഫര്‍സാനയുടെ മകന്‍റെ കയ്യിലേക്കായിരുന്നു എത്തിച്ചേര്‍ന്നത്. കുറിപ്പില്‍ നിന്നും തന്‍റെ അമ്മ വൈറ്റ് ഡോവ്‌സ് ഹോമില്‍ ഉണ്ടെന്ന വിവരം അറിഞ്ഞതോടെ തന്നെ അവര്‍ അങ്ങോട്ടേക്ക് പോകുകയായിരുന്നു.
പതിനഞ്ച് വർഷത്തിന് ശേഷം തൻ്റെ കുടുംബത്തെ കണ്ടപ്പോൾ ഫർസാനയുടെ സന്തോഷത്തിനും അതിരുകളുണ്ടായിരുന്നില്ല. ആനന്ദത്തോടെയാണ് അവര്‍ മക്കളെയും പേരക്കുട്ടികളെയും ചേര്‍ത്തുപിടിച്ചത്. ഫര്‍സാനയെ കാണാതാകുമ്പോള്‍ കുഞ്ഞായിരുന്നു അവരുടെ മകൻ ആസിഫ്. ഇന്ന് ആ ആസിഫ് തന്‍റെ മകനുമൊത്താണ് അമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയത്. ആ കുഞ്ഞാണ് തന്‍റെ മകൻ എന്ന ചിന്തയിലാണ് ഫര്‍സാന എന്ന അമ്മയും.
തന്‍റെ സഹോദരിയ്‌ക്ക് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോഴാണ് അമ്മയെ കാണാതാകുന്നത്. 15 വര്‍ഷം വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞു. എവിടെയും തനിക്ക് അമ്മയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അമ്മയെ തിരികെ ലഭിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ആസിഫ് ഇടിവി ഭാരതിനോട് പറഞ്ഞു. ഫര്‍സാനയെ അവരുടെ കുടുംബത്തിന്‍റെയടുത്ത് തിരികെ എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്ക് എപ്പോഴും ഉണ്ടായിരുന്നെന്ന് റാസ്‌ക്വിൻഹ പറഞ്ഞു.