ഹൈദരാബാദ് : അമ്മയേയും മകളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ മോഷ്‌ടാക്കളിൽ ഒരാൾ ഒളിവിൽ. ഹൈദരാബാദിലെ ബേഗംപേട്ട് റസൂൽപുര ജെയിൻ കോളനിയിൽ ഇന്നലെയാണ് മോഷണ ശ്രമം ഉണ്ടായത്. റസൂൽപുരയിലെ പൈഗ ഹൗസിങ് കോളനിയിലെ നവരതൻ ജെയിനിന്‍റെ വീട്ടിലാണ് സംഭവം. കൊറിയർ സർവീസ് ജീവനക്കാരാണെന്ന് പറഞ്ഞു വീട്ടിലെത്തിയ പ്രേംചന്ദ്, സുശീൽകുമാർ എന്നിവരാണ് മോഷണ ശ്രമം നടത്തിയത്.
ജെയിനിന്‍റെ ഭാര്യ അമിത മെഹോതും മകളും ജോലിക്കാരിയും മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കൊറിയറുമായി എത്തിയ ഇരുവരോടും വീടിനു പുറത്ത് നില്ക്കാൻ അമിത പറഞ്ഞെങ്കിലും ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്‌ടാക്കൾ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി. തുടർന്ന് തോക്കു ചൂണ്ടുകയും അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ജോലിക്കാരിയുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വീട്ടിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ ആവശ്യപ്പെട്ട മോഷ്‌ടാക്കളെ അമിതയും മകളും ചേർന്ന് പ്രതിരോധിക്കുകയായിരുന്നു.
പ്രതികളുടെ ആക്രമണത്തിനിടെ വീട്ടിൽ നിന്നുമുള്ള നിലവിളിശബ്‌ദം കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ ചേർന്ന് പൊലീസിൽ എത്തിപ്പിച്ചു. സുശീലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിൽ അമിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബീഗംപേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. നേരത്തെ ആസൂത്രണം ചെയ്‌തത് പ്രകാരമാണ് പ്രതികൾ മോഷണ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപ് അമിതയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്ന പ്രതികൾ വീട്ടിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ എവിടെയാണെന്ന് മനസിലാക്കിയ ശേഷം ജോലി ഉപേക്ഷക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ മോഷണം ശ്രമം നടത്തിയത്.