അമൃത്‌സര്‍ : പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. 20 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖറിന്‍റെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. പഞ്ചാബ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കമല്‍ജിത് സിങ് ഭാട്ടിയ ബിജെപിയില്‍ ചേര്‍ന്നവരില്‍ പ്രമുഖനാണ്.
നാലുതവണ ജലന്ധര്‍ മുനിസിപ്പല്‍ കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായിരുന്നു ഇദ്ദേഹം. കൗണ്‍സിലര്‍ കൂടിയായ, ഇദ്ദേഹത്തിന്‍റെ ഭാര്യ ജസ്‌പാല്‍ കൗറും ബിജെപിയില്‍ ചേര്‍ന്നു. ജലന്ധര്‍ കോര്‍പറേഷനിലെ മറ്റ് ആറ് എഎപി കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.
രണ്ടുതവണ കൗണ്‍സിലറായ ഡോ.സുനിത, കൗണ്‍സിലറും എഎപിയുടെ വനിത വിഭാഗം ജില്ല ഉപാധ്യക്ഷയുമായ രാധിക പഥക്, ജലന്ധറിലെ എഎപിയുടെ ജില്ല ബിസി സെല്‍ അധ്യക്ഷന്‍ സര്‍ദാര്‍ ഹര്‍ജിന്ദര്‍ സിങ് ലാഡ, അദ്ദേഹത്തിന്‍റെ ഭാര്യയും കൗണ്‍സിലറുമായി ബല്‍വീന്ദര്‍ കൗര്‍, മറ്റൊരു കൗണ്‍സിലര്‍ വിപിന്‍ കുമാര്‍ ഛദ്ദ, പഞ്ചാബ് ആം ആദ്‌മി പാര്‍ട്ടിയുടെ എസ് സി മോര്‍ച്ച ജോയിന്‍റ് സെക്രട്ടറിയും കൗണ്‍സിലറുമായ വിരേഷ് കുമാര്‍, കൗണ്‍സിലറും മുതിര്‍ന്ന എഎപി നേതാവുമായ അഡ്വ.അമിത് സിങ് സന്ധയുടെ ഭാര്യ ചന്ദേര്‍ജിത് കൗര്‍ സന്ദ എന്നിവരും ബിജെപിയുടെ ഭാഗമായി.
ബബിത റാണി, അവരുടെ ഭര്‍ത്താവ് അഡ്വ സന്ദീപ് വര്‍മ്മ, കവിത സേത്ത്, എഎപിയുടെ ജലന്ധര്‍ വെസ്റ്റ് അധ്യക്ഷന്‍ സൊറാബ് സേത്ത്, ദേശീയ ഹോക്കിതാരവും കൗണ്‍സിലറുമായ ബല്‍ബീര്‍ സിങ്ങ്, അമ്മ കുല്‍ദീപ് കൗര്‍(അകാലിദളില്‍ നിന്നുള്ള മുന്‍ കൗണ്‍സിലര്‍), ജാസ സിങ് ഫിറോസ്‌ഫുരിയ, ബ്ലോക്ക്2 അധ്യക്ഷന്‍ നവീന്‍ സോണി , മുന്‍ കൗണ്‍സിലറും വ്യാപാരി സെല്‍ മുന്‍ പ്രസിഡന്‍റും അകാലി ദള്‍ നേതാവുമായിരുന്ന മാന്‍ജിത് സിങ് ടിറ്റു, കിസാന്‍ മോര്‍ച്ച കോര്‍ഡിനേറ്റര്‍ ജസ്വന്ത് സിങ് ജാസ, എസ് സി മോര്‍ച്ച ഉപാധ്യക്ഷന്‍ സുനില്‍ മോട്ടു, ജലന്ധറിലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഉപാധ്യക്ഷന്‍ രാജേഷ് അഗ്‌നി ഹോത്രി ഭോല, കോണ്‍ഗ്രസിന്‍റെ മുന്‍ ജില്ല ജനറല്‍ സെക്രട്ടറിയും ജലന്ധറിലെ എഎപിയുടെ മുതിര്‍ന്ന നേതാവുമായ ജീവന്‍ ജ്യോതി ടണ്ടന്‍ എന്നിവരുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖര്‍, എംപി സുശീല്‍ കുമാര്‍ റിങ്കു, എംഎല്‍എ ശീതള്‍ അന്‍ഗുരാല്‍, ബിജെപി ജില്ല അധ്യക്ഷന്‍ സുശീല്‍ശര്‍മ്മ, ജില്ല ജനറല്‍ സെക്രട്ടറി അശോക് സരിന്‍, ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗം അമിത് തനേജ എന്നിവരുടെ സാന്നിധ്യത്തിലാണ് എഎപിയില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.