റായ്‌പൂർ: രാജ്യത്തെ മൂന്ന് കോടി സ്ത്രീകളെ സര്‍ക്കാര്‍ ലക്ഷാധിപതികളാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്ക് ധനസഹായം നൽകുന്നതിനുള്ള 'മഹ്തരി വന്ദൻ' പദ്ധതി ഛത്തീസ്‌ഗഡിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്ത്രീകളുടെ ക്ഷേമമാണ് തങ്ങളുടെ മുൻഗണനയെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
"നാരീ ശക്തി ലക്ഷ്യമിട്ടുള്ള മഹ്താരി വന്ദൻ പദ്ധതി നാടിന് സമർപ്പിക്കാൻ ഇന്ന് എനിക്ക് അവസരം ലഭിച്ചത് ഭാഗ്യകരമാണ്. പദ്ധതി പ്രകാരം 70 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന് ഞങ്ങൾ വാഗ്‌ദാനം ചെയ്‌തിരുന്നു, ഇന്ന് ബിജെപി സർക്കാർ അത് നിറവേറ്റി.” വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്‌തുകൊണ്ട് മോദി പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഗഡുവായ 655 കോടി രൂപ ഗുണഭോക്താക്കളുടെ (വിവാഹിതരായ സ്ത്രീകൾ) ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നുതന്നെ നിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. അമ്മയും സഹോദരിമാരും ശാക്തീകരിക്കപ്പെടുമ്പോൾ, മുഴുവൻ കുടുംബവും ശാക്തീകരിക്കപ്പെടുന്നു. അതിനാൽ, ഇരട്ട എഞ്ചിൻ സർക്കാരിൻ്റെ മുൻഗണന അമ്മമാരുടെയും സഹോദരിമാരുടെയും ക്ഷേമത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കുടുംബങ്ങൾക്ക് ഉറപ്പുള്ള വീടുകൾ ലഭിക്കുന്നു, അതും സ്ത്രീകളുടെ പേരിൽ, ഉജ്ജ്വല പദ്ധതിയിലൂടെ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ പാചക വാതക സിലിണ്ടറുകൾ ലഭിക്കുന്നു. ജൻധൻ അക്കൗണ്ടുകളിൽ 50 ശതമാനത്തിലധികം സ്ത്രീകളുടെ പേരിലാണ്. മുദ്ര വായ്‌പകളിൽ 65 ശതമാനത്തിലധികം സ്ത്രീകളാണ് എടുത്തിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: മാസാണ് മോദി; തെരെഞ്ഞെടുപ്പ് അങ്കത്തിനിടെ കാട് കണ്ടും ആന സവാരി നടത്തിയും പ്രധാനമന്ത്രി
നമ്മുടെ സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിനിടെ 10 കോടിയിലധികം സ്ത്രീകളുടെ ജീവിതം സ്വാശ്രയ സംഘങ്ങളിലൂടെ മാറ്റിമറിച്ചു. ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ ഒരു കോടിയിലധികം സ്ത്രീകളെ ലക്ഷാധിപതികൾ ആക്കുന്നതിൽ കലാശിച്ചു. രാജ്യത്തെ മൂന്ന് കോടി സഹോദരിമാരെ ലക്ഷാധിപതികളാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുമെന്നതാണ് ഇപ്പോൾ തങ്ങളുടെ തീരുമാനമെന്നും മോദി പറഞ്ഞു.
വനിതകൾക്ക് ഡ്രോണുകളും ഡ്രോൺ പൈലറ്റ് പരിശീലനവും നൽകുന്ന 'നമോ ഡ്രോൺ ദീദി യോജന' യെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായി വാടകയ്ക്ക് നൽകാൻ, തെരഞ്ഞെടുത്ത 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകാനാണ് കേന്ദ്രത്തിൻ്റെ പദ്ധതി ലക്ഷ്യമിടുന്നത്.
ബിജെപി സന്തോഷവും സമൃദ്ധിയും ഉറപ്പ് നൽകിയിട്ടുണ്ടെന്നും, മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായിയുടെ നേതൃത്വത്തിലുള്ള ഛത്തീസ്‌ഗഡ് സർക്കാർ അതിനായി പ്രവർത്തിച്ച് തുടങ്ങിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"18 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു. സർക്കാർ രൂപീകരിച്ച് രണ്ടാം ദിവസം തന്നെ സായിയുടെ നേതൃത്വത്തിലുള്ള സർക്കാർ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു." മോദി പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തിൽ ഛത്തീസ്‌ഗഡ് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 3,716 കോടി രൂപ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ക്വിൻ്റലിന് 3,100 രൂപ നിരക്കിൽ നെല്ല് വാങ്ങുമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു. അത് പൂർത്തീകരിക്കുകയും കർഷകരിൽ നിന്ന് 145 മെട്രിക് ടൺ നെല്ല് വാങ്ങി റെക്കോർഡ് സൃഷ്‌ടിക്കുകയും ചെയ്‌തു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.