ബറേലി: കൊള്ളസംഘം ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ ഭാര്യ ഹേമലത (20) സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഭർത്താവ് രാജ്‌കുമാറിന് (22) പരിക്കേറ്റു. ഷാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൈക്കെനിയ വിർപൂർ നിവാസികളാണിവര്‍.
തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ശ്രമിച്ചത് ഹേമാൽത പ്രതിരോധിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് നാട്ടുകാര്‍ ദുങ്ക പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു. റോഡിൽ കിടന്ന യുവതിയുടെ മൃതദേഹം എടുക്കാൻ നാട്ടുകാർ അനുവദിച്ചില്ല.
റോഡ് ഉപരോധിച്ച ജനങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ചു. കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നാട്ടുകാര്‍ മുന്നോട്ടുവച്ചു. തുടർന്ന് എസ്എസ്‌പി ഗുലെ, സുശീൽ ചന്ദ്ര ഭാൻ, എസ്‌പി നോർത്ത് മാനുഷ് പരീക് എന്നിവർ സ്ഥലത്തെത്തി.രാത്രി 11.30 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാജ്‌കുമാറിനെ പൊലീസ് സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി.
രണ്ട് പേർ ബൈക്ക് തടഞ്ഞു നിർത്തി ഹേമലതയോട് ആഭരണങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടെന്ന് രാജ്‌കുമാർ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പാടത്തുനിന്ന് നാലുപേർ കൂടി വന്നു. നാലുപേരും ആക്രമിക്കാന്‍ തുടങ്ങി. ഇതില്‍ പ്രതികരിച്ചതോടെ സംഘം തോക്ക് ചൂണ്ടുകയും ഹേമലത മുന്നോട്ട് വന്ന് വെടിയേല്‍ക്കുകയായിരുന്നെന്നും രാജ്‌കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. എന്നാൽ, ഇതിനിടയിൽ ആൾക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടിയതിനാല്‍ തെളിവുകൾ നഷ്‌ടമായി. അതിനാല്‍ ഫോറൻസിക് സംഘത്തിന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. സംഭവസ്ഥലത്തെ മണ്ണ്, വസ്‌ത്രങ്ങൾ, മറ്റ് വസ്‌തുക്കൾ എന്നിവയിൽ നിന്ന് സംഘം രക്തസാമ്പിളുകൾ ശേഖരിച്ചു.
ഹേമലതയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു. അവയിൽ ഒന്ന് തലയിലും മറ്റൊന്ന് പിറകിലുമായിരുന്നു. 315 ബോർ തോക്കില്‍ നിന്നാണ് രണ്ട് ബുള്ളറ്റുകളും തൊടുത്തതെന്ന് സംശയം.
Also Read: പബ്‌ജി കളിയ്‌ക്കിടെ കൊലപാതകം; 14കാരന്‍ സുഹൃത്തിനെ വെടിവച്ചു കൊന്നു