ഭോപ്പാൽ (മധ്യപ്രദേശ്) : ഭോപ്പാലിലെ ഒരു ബോർഡിങ് സ്‌കൂളിൽ വച്ച് എട്ടുവയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ സബ് ഇൻസ്‌പെക്‌ടർ (എസ്ഐ) ഉൾപ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. അരേര ഹിൽസ് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടർ പ്രകാശ് സിങ് രജ്‌പുത്, സ്‌കൂൾ ഡയറക്‌ടർ മണിരാജ് മോദി എന്നിവരാണ് അറസ്റ്റിലായത്. മണിരാജ് മോദിയെ തിങ്കളാഴ്‌ച രാത്രി സ്വവസതിയിൽ നിന്നും എസ്ഐയെ ചൊവ്വാഴ്‌ചയുമാണ് അറസ്റ്റ് ചെയ്‌തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) ശ്രദ്ധ തിവാരി പറഞ്ഞു.
നഗരത്തിലെ മിസ്‌റോഡ് പ്രദേശത്താണ് ബോർഡിങ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പടെ മൂന്ന് പേർക്കെതിരെ ഏപ്രിൽ 30ന് മിസ്‌റോഡ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. അതേസമയം പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖയുടെയും മൊഴിയുടെയും എഫ്ഐആർ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മണിരാജ് മോദിയെ ഇപ്പോൾ അറസ്റ്റ് ചെയ്‌തതെന്ന് ഡിസിപി അറിയിച്ചു.
പരാതിക്കാരിയെ (പെൺകുട്ടിയുടെ അമ്മ) സമ്മർദത്തിലാക്കിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് എസ്ഐയെ അറസ്റ്റ് ചെയ്‌തത്. ഇരു പ്രതികളെയും ജുഡീഷ്യൽ റിമാൻഡിൽ അയച്ചതായും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയച്ചു. അതിജീവിതയുടെ അമ്മയാണ് സംഭവത്തിൽ പൊലീസിന് രേഖാമൂലം പരാതി നൽകിയത്. സംഭവം നടക്കുന്നതിന് ഏകദേശം 15 ദിവസം മുമ്പാണ് മകൾക്ക് ബോർഡിങ് സ്‌കൂളിൽ പ്രവേശനം ലഭിച്ചതെന്ന് ഇവർ പരാതിയിൽ പറയുന്നു.
പരാതിയിലെ മറ്റ് വിവരങ്ങൾ ഇങ്ങനെ : താൻ എല്ലാ ഞായറാഴ്‌ചകളിലും മകളോട് ഫോണിൽ സംസാരിക്കാറുണ്ട്. ഏപ്രിൽ 28 ഞായറാഴ്‌ച ഉച്ചയ്‌ക്ക് പതിവുപോലെ ഫോൺ ചെയ്‌തെങ്കിലും മകളോട് സംസാരിക്കാൻ കഴിഞ്ഞില്ല. കുട്ടി ഉറങ്ങുകയാണെന്നും ഉണർന്നാൽ ഉടൻ വിളിക്കാമെന്നും വാർഡൻ അറിയിച്ചു.
പിന്നീട്, വൈകുന്നേരം വീണ്ടും വിളിച്ചെങ്കിലും മകളോട് വെറും രണ്ട് മിനിറ്റ് മാത്രം സംസാരിക്കാനാണ് വാർഡൻ അനുവദിച്ചത്. അതിനിടയിൽ കുട്ടി ഫോണിൽ കരയാൻ തുടങ്ങി. തുടർന്ന് അവളെ വീഡിയോ കോൾ ചെയ്‌തു. കുട്ടി സ്‌കൂളിലേക്ക് വരാൻ തന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഉടൻ വാർഡൻ ഫോൺ കട്ടാക്കുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്‌തു.
ഏപ്രിൽ 29 തിങ്കളാഴ്‌ച സ്‌കൂളിലെത്തി, മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴാണ് മകൾ സംഭവത്തെകുറിച്ച് പറയുന്നത്. അതിനുശേഷം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയും തൊട്ടടുത്ത ദിവസം പരാതി നൽകുകയുമായിരുന്നു. അതേസമയം കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി മോഹൻ യാദവും നേരത്തെ നിർദേശം നൽകിയിരുന്നു.
ALSO READ: 'സ്വത്തുവില്‍ക്കാന്‍ സഹായിക്കാമെന്ന വ്യാജേന പീഡിപ്പിച്ചു' ; ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റിൽ