ഭോപ്പാൽ : എട്ടു വയസുകാരി സ്‌കൂള്‍ ഹോസ്‌റ്റലിൽ ബലാത്സംഗത്തിനിരയായി. ഭോപ്പാലിലെ സ്വകാര്യ സ്‌കൂള്‍ ഹോസ്‌റ്റലിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്‌റ്റൽ വാർഡൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവദിവസം വൈകുന്നേരം ഹോസ്‌റ്റൽ വാർഡൻ തന്നെ വിളിച്ച് പരിപ്പും ചോറും വിളമ്പി തന്നതായി ഇരയായ രണ്ടാം ക്ലാസ് വിദ്യാർഥിനി വീഡിയോ കോളിൽ അമ്മയോട് പറഞ്ഞു. ഭക്ഷണം കഴിച്ച് ഉറങ്ങി എഴുന്നേറ്റപ്പോൾ സഹിക്കാനാവാത്ത വേദനയും സ്വകാര്യ ഭാഗങ്ങളിൽ രക്ത സ്രാവവും അനുഭവപ്പെട്ടു. വാർഡനോട് പറഞ്ഞെങ്കിലും സുഖമാകും എന്നാണ് വാര്‍ഡന്‍ പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു.
അമ്മ സ്‌കൂളിലെത്തി കുട്ടിയെ പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളിൽ നീർക്കെട്ടും രക്തസ്രാവവും കണ്ടത്. തുടര്‍ന്ന് കുട്ടിയെ ജെപി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം അമ്മ മിസ്രോഡ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ഹോസ്‌റ്റൽ വാർഡൻ പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി എന്നാണ് പൊലീസ് പറയുന്നത്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടു.
പരാതി ലഭിച്ചിട്ടുണ്ടെന്നും കേസിന്‍റെ സ്വഭാവം കണക്കിലെടുത്ത് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും മിസ്രോഡ് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് മനീഷ് രാജ് ഭദോറിയ പറഞ്ഞു. മൂന്ന് പേർക്കെതിരെ ഐപിസി സെക്ഷൻ 376, പോക്‌സോ ആക്‌ട് എന്നിവ പ്രകാരം കേസെടുത്തതായും അദ്ദേഹം അറിയിച്ചു.