പാറ്റ്ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായതായി പരാതി. ബിഹാറിലെ സമസ്‌തിപൂരില്‍ ഉജ്ജര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
സംഭവ ദിവസം പെണ്‍കുട്ടി ക്ഷേത്രത്തില്‍ വിളക്ക് കൊളുത്താനായി പോയതായിരുന്നു. തിരികെ വരും വഴി ആളൊഴിഞ്ഞ റോഡില്‍ വച്ച് ഒരു സംഘം കുട്ടിയെ പിടികൂടി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഏറെ വൈകിയും കാണാതിരുന്നതിനാല്‍ പരിഭ്രാന്തരായ വീട്ടുകാര്‍ തേടിയിറങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെരച്ചിലിനിടെ ക്ഷേത്രത്തിനും വീടിനുമിടയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വീട്ടുകാരോട് വെളിപ്പെടുത്തി. ഉടന്‍ തന്നെ പൊലീസില്‍ പരാതിയും നല്‍കി. അന്വേഷണത്തില്‍ പൊലീസിന് സഹായമായി ഫോറന്‍സിക് സംഘവുമുണ്ട്.
ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തു. നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തിട്ടുമുണ്ട്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ദല്‍സിങ്സരായിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിവേക് കുമാര്‍ ശര്‍മ്മ അറിയിച്ചു.