ന്യൂഡല്‍ഹി: നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും സത്യ പ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി മൂന്ന് തവണ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്.
വൈകിട്ട് ഏഴേകാലോടെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് മോദിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ വിശിഷ്‌ടാതിഥികളായി.
മോദിയെ കൂടാതെ 30 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍. സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, 35 സഹമന്ത്രിമാര്‍ മോദി മന്ത്രി സഭയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടക്കം അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിസഭാംഗങ്ങലായി സത്യപ്രതിജ്ഞ ചെയ്‌തു.
അധികാരമേറ്റ മന്ത്രിമാര്‍ ഇവര്‍:
- രാജ്‌നാഥ് സിങ്ങ്: മുന്‍ ബിജെ പി അധ്യക്ഷന്‍. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി.ആദ്യ വാജ് പേയ് മന്ത്രി സഭയില്‍ ഗതാഗത മന്ത്രി. രണ്ടാം വാജ്പേയ് മന്ത്രിസഭയില്‍ കൃഷി മന്ത്രി. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി. 2019 മുതല്‍ പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിക്കുന്നു.
- അമിത്ഷാ: രണ്ടാം മോദി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി.മുന്‍ ബിജെ പി അധ്യക്ഷന്‍ ബിജെപിയുടെ തന്ത്രജ്ഞന്‍. മോദിയുടെ വലം കൈ
- ജെ പി നദ്ദ: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ്. ഒന്നാം മോദി മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രി. 2020 മുതല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍. ഹിമാചലില്‍ മന്ത്രിയായുള്ള ഭരണ പരിചയം. നിലവില്‍ രാജ്യസഭാംഗം.
- ശിവരാജ്‌സിങ്ങ് ചൗഹാന്‍:മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി.ഏറ്റവുമധികം കാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായ പരിചയം. ആദ്യമായി കേന്ദ്രമന്ത്രിസഭയിലേക്ക്.ബിജെ പി ദേശീയ ഉപാധ്യക്ഷന്‍.
- നിര്‍മ്മ സീതാരാമന്‍: ഒന്നാം മോദി മന്ത്രിസഭയിലുടെ ആദ്യമായി മന്ത്രി സ്ഥാനത്തെത്തി. ആദ്യ ചുമതല സഹമന്ത്രിയായി. പിന്നീട് അരുണ്‍ ജയ്റ്റ്ലിയുടെ മരണത്തോടെ പ്രതിരോധ മന്ത്രി. ബാലാകോട്ട് വ്യോമാക്രമണത്തിന് ചുക്കാന്‍ പിടിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ ധനകാര്യ മന്ത്രി.
- എസ് ജയശങ്കര്‍: 1977 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍. അമേരിക്കയിലും ചൈനയിലും ഇന്ത്യന്‍ അംബാസഡറായി പരിചയം. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാലത്ത് വിദേശ കാര്യ സെക്രട്ടറി. രണ്ടാം മോദി മന്ത്രി സഭയില്‍ വിദേശകാര്യമന്ത്രി.
- ധര്‍മ്മേന്ദ്രപ്രദാന്‍: ഒറീസയില്‍ നിന്നുള്ള നേതാവ്.ആദ്യ മോദി മന്ത്രിസഭയില്‍ പെട്രോളിയം പ്രകൃതി വാതക വകുപ്പിന്‍റെ ചുമതല.രണ്ടാം മോദി സര്‍ക്കാരില്‍ ഉരുക്ക്, നൈപുണ്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലും കേന്ദ്ര മന്ത്രിയായി.
- ജിതിന്‍ റാം മാഞ്ജി: ബീഹാറിലെ മുന്‍ മുഖ്യമന്ത്രി. പിന്നാക്ക വിഭാഗം നേതാവ്.
- സര്‍ബാനനന്ദ് സോനോബാള്‍: മുന്‍ അസം മുഖ്യമന്ത്രി. രണ്ടാം മോദി മന്ത്രിസഭയിലെ തുറമുഖ മന്ത്രി.
- വീരേന്ദ്രകുമാര്‍: മധ്യപ്രദേശിലെ മുന്‍ സാമൂഹ്യ ക്ഷേമമന്ത്രി.
- രാം മോഹന്‍ നായിഡു: ശ്രീകാകുളത്തു നിന്നുള്ള തെലുഗു ദേശം എം പി. മുന്‍ മന്ത്രിയും ടിഡി പി നേതാവുമായ യേരന്‍ നായിഡു വിന്‍റെ മകന്‍. ഈ മന്ത്രി സഭയിലെ ഏറ്റവും ചെറുപ്പക്കാരായ മന്ത്രിമാരില്‍ ഒരാള്‍.
- പ്രഹ്ലാദ് ജോഷി: കര്‍ണാടകയില്‍ നിന്നുള്ള നേതാവ്. രണ്ടാം മോദി മന്ത്രിസഭയില്‍ കല്‍ക്കരി, ഖനി, പാര്‍ലമെന്‍ററി കാര്യമന്ത്രി.
- ജ്യുവല്‍ ഒറാം: വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായിരുന്നു. ഒന്നാം നരേന്ദ്രമോദി മന്ത്രിസഭയിലും അംഗമായിരുന്നു. ഒഡിഷയില്‍ നിന്നുള്ള നേതാവാണ്. ബിജു ജനതാദളിന്‍റെ മുതിര്‍ന്ന നേതാവിനെ തോല്‍പ്പിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്.
- ഗിരിരാജ് സിങ്ങ്: പ്രസ്‌താവനകളിലൂടെ വിവാദമുണ്ടാക്കുന്ന നേതാവ്. ബീഹാറിലെ ബെഗുസരായില്‍ നിന്നാണ് വിജയിച്ചത്. ബീഹാറിലെ മുന്നാക്കക്കാരുടെ മുഖമാണ് ഗിരിരാജ് സിങ്ങ്. സിപിഐയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് സഭയിലെത്തിയിരിക്കുന്നത്. 2019ല്‍ സിപിഐയുടെ കനയ്യ കുമാറിനെയാണ് ഗിരിരാജ് പരാജയപ്പെടുത്തിയത്.
- അശ്വിനി വൈഷ്‌ണവ്: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞ മോദി മന്ത്രിസഭയിലും അംഗമായിരുന്നു. മോദിയുടെ വിശ്വസ്‌തന്‍. ബിജു ജനതാദളുമായുള്ള സഖ്യത്തിന്‍റെ സൂചന കൂടി ആയിരുന്നു അശ്വിനി വൈഷ്‌ണവിന്‍റെ മന്ത്രിസഭയിലേക്കുള്ള വരവ്
- ജ്യോതിരാദിത്യ സിന്ധ്യ: മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഇപ്പോള്‍ മോദി മന്ത്രിസഭയില്‍.
- ഭൂപേന്ദ്രയാദവ്: അമിത് ഷായുടെ വിശ്വസ്‌തന്‍, സംഘടനയില്‍ പല നിര്‍ണായക സ്ഥാനങ്ങളും വഹിച്ചു.
- ഗജേന്ദ്രസിങ്ങ് ശെഹാവത്: രാജസ്ഥാനില്‍ നിന്നുള്ള നേതാവ്. രണ്ടാം മോദി മന്ത്രിസഭയിലും അംഗം.
- അന്നപൂര്‍ണാദേവി: ഝാര്‍ഖണ്ഡില്‍ നിന്നുള്ള നേതാവ്. അന്നപൂര്‍ണാദേവിയ്ക്ക് മുന്‍ മോദി സര്‍ക്കാരിലെ സഹമന്ത്രിസ്ഥാനത്ത് നിന്ന് കാബിനറ്റ് റാങ്കിലേക്കു സ്ഥാനക്കയറ്റം.
- കിരണ്‍ റിജിജു: അരുണാചലില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ച് വരുന്ന നേതാവ്. ഒന്നാം മോദി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രി, രണ്ടാം മോദി മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു.
- ഹര്‍ദീപ് സിങ്ങ് പുരി: 1974 ബാച്ച് ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥന്‍. പിന്നീട് ബിജെപിയില്‍ സജീവമായി. പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭം അടക്കം നടക്കുമ്പോള്‍ സര്‍ക്കാരിന്‍റെ വക്താവ്
- മന്‍സൂഖ് മാണ്ഡവ്യ: കോവിഡിന് ശേഷം മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി. ഗുജറാത്തില്‍ നിന്നുള്ള നേതാവ്
- ഗംഗാപുരം കിഷന്‍ റെഡ്ഡി: തെലങ്കാനയിലെ പ്രമുഖ നേതാവ്. യുവമോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു.
- ചിരാഗ് പാസ്വാന്‍:മുന്‍ ചലച്ചിത്രതാരം. ലോക്‌ജനശക്തി നേതാവ്, മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വന്‍റെ മകന്‍.
- സി ആര്‍ പാട്ടീല്‍: മൂന്ന് തവണ പാര്‍ലമെന്‍റംഗം.ഗുജറാത്തിലെ നവസരിയില്‍ നിന്നുള്ള എംപി. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍
- റാവു ഇന്ദ്രജിത് സിങ്ങ്: ഹരിയാനയില്‍ നിന്നുള്ള എംപി. സ്വതന്ത്ര ചുമതലയുള്ള മന്ത്രി.
- ജിതേന്ദ്ര സിങ്ങ്: സ്വതന്ത്ര ചുമതലയുള്ള മന്ത്രി, ജമ്മുകശ്‌മീരില്‍ നിന്നുള്ള എംപി. വിജയിച്ച് വരുന്നത് മൂന്നാം വട്ടം. മോദിയുമായി ഏറെ അടുപ്പമുള്ള വ്യക്തി. അരുണ്‍ ജെയ്‌റ്റിലിയുമായാണ് ഏറ്റവും അടുപ്പം. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി. ഇപ്പോള്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രി.
- അര്‍ജുന്‍ റാം മേഘ്വാള്‍: രണ്ടാം മോദി സര്‍ക്കാരില്‍ നിയമകാര്യമന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി. രാജസ്ഥാനിലെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള നേതാവ്.
- പ്രതാപ് റാവു ജാതവ്: മഹാരാഷ്‌ട്രയില്‍ നിന്നുള്ള എംപി
- ജയന്‍ ചൗധരി: സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി.
- ജിതിന്‍ പ്രസാദ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി. കേന്ദ്രമാനവവിഭവ ശേഷി സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി.
- ശ്രീപദ് നായിക്: ഗോവയില്‍ നിന്നുള്ള എംപി. സഹമന്ത്രി. രണ്ടാം മോദി സര്‍ക്കാരില്‍ തുറമുഖ സഹമന്ത്രി.
- പങ്കജ് ചൗധരി: രണ്ടാം മോദി സര്‍ക്കാരില്‍ ധനകാര്യ സഹമന്ത്രി. ഉത്തര്‍പ്രദേശിലെ മഹാരാജ ഗഞ്ചില്‍ നിന്നാണ് പാര്‍ലമെന്‍റിലെത്തിയിരിക്കുന്നത്.
- കൃഷന്‍പാല്‍ ഗുജ്ജര്‍: ഹരിയാനയില്‍ നിന്നുള്ള പ്രതിനിധി.
- രാംദാസ് അട്ടോലെ: മഹാരാഷ്‌ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധി.
- രാം നാഥ് താക്കൂര്‍: കര്‍പ്പൂരി താക്കൂറിന്‍റെ മകന്‍. ബീഹാറില്‍ നിന്നുള്ള ജെഡിയു പ്രതിനിധി.
- നിത്യാനന്ദ റായ്: കഴിഞ്ഞ മോദി മന്ത്രിസഭയിലും സഹമന്ത്രി ആയിരുന്നു.
- അനുപ്രിയ പട്ടേല്‍: യുപിയിലെ അപ്‌നാദളിന്‍റെ നേതാവ്. രണ്ടാം മന്ത്രിസഭയിലും സഹമന്ത്രി ആയിരുന്നു.
- വി സോമണ്ണ: കര്‍ണാടകയില്‍ നിന്നുള്ള ലിംഗായത്ത് നേതാവ്.
- എസ്‌പി സിങ്ങ് ബാഗേല്‍: യുപിയില്‍ നിന്നുള്ള എംപി. പിന്നാക്ക വിഭാഗ നേതാവ്. രണ്ടാം മോദി മന്ത്രിസഭയില്‍ അംഗമാണ്.
- ശോഭ കരന്തലാജെ: യെദ്യുരപ്പയുടെ വിശ്വസ്‌ത, ബെംഗളുരു നോര്‍ത്തില്‍ നിന്ന് വിജയിച്ചു. ആര്‍എസ്‌എസിന്‍റെ മുഴുവന്‍ സമയ പ്രവര്‍ത്തക,രണ്ടാം മോദി മന്ത്രിസഭയിലും മന്ത്രി ആയിരുന്നു.
- ചന്ദ്രശേഖര്‍ പെമ്മസാനി:ലോക്‌സഭയിലെ ഏറ്റവും സമ്പന്നനായ അംഗം. 5700 കോടി രൂപയുടെ ആസ്‌തി. ആന്ധ്രയില്‍ നിന്ന് തെലുഗു ദേശം പാര്‍ട്ടിയുടെ പ്രതിനിധിയായി ലോക്‌സഭയിലെത്തി. അമേരിക്കയില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കി.
- കീര്‍ത്തി വര്‍ദ്ധന്‍ സിങ്ങ്: യുപിയിലെ ഗോണ്ടയില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം.
- വി എല്‍ വര്‍മ്മ: യുപിയില്‍ നിന്നുള്ള എംപിയാണ്. സംസ്ഥാനത്തെ ഒബിസി മുഖം.
- ശന്തനു ഠാക്കൂര്‍: ബംഗാളില്‍ വലിയ പ്രാധാന്യമുള്ള സമുദായത്തിന്‍റെ നേതാവ്. നോര്‍ത്ത് 24 പര്‍ഗാനസയില്‍ നിന്നുള്ള മന്ത്രി
- സുരേഷ് ഗോപി: ചലച്ചിത്ര താരം, ആദ്യമായി ലോക്‌സഭയിലേക്ക്, നേരത്തെ രാജ്യസഭാംഗമായിരുന്നു. കേരളത്തില്‍ നിന്നുള്ള ഏക ബിജെപി അംഗം.
- എല്‍ മുരുഗന്‍: രണ്ടാം മോദി സര്‍ക്കാരില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണമടക്കം നിരവധി വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി. തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം.
- രക്ഷാ ഖഡ്‌സെ: മഹാരാഷ്‌ട്രയിലെ എന്‍സിപി നേതാവ് ഏകനാഥ് ഖഡ്‌സെയുടെ അന്തരിച്ച മകന്‍ നിഖില്ഖട്‌സെയുടെ ഭാര്യ.
- ജോര്‍ജ്ജ് കുര്യന്‍: 1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. ഒ രാജഗോപാല്‍ കേന്ദ്ര സഹമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി പ്രവര്‍ത്തിച്ചിരുന്നു. ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായിരുന്നു.
- പബിത്ര മാര്‍ഗേരിറ്റ: അസമില്‍ നിന്നുള്ള ബിജെപി രാജ്യസഭാംഗം.
- മുരളീധര്‍ മൊഹോല്‍: മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ്. പുനെ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി.
- നിമുബെന്‍ ബാംബനിയ: ഗുജറാത്തിലെ ഭാവ്‌നഗര്‍ മണ്ഡലത്തിലെ ബിജെപി എംപി
- ഹാര്‍ഷ് മല്‍ഹോത്ര: ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി.
- രാജ്ഭൂഷണ്‍ചൗധരി: ബിജെപി നേതാവ്, ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ള ലോക്‌സഭാംഗം.
- ദോക്കന്‍ സാഹു: ഛത്തീസ്‌ഗഡിലെ ബിജെപി നേതാവ് ബിലാസ് പൂരില്‍ നിന്ന് ലോക്‌സഭയില്‍
- സാവിത്രി ഠാക്കൂര്‍: മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി വനിതാ നേതാവ്
- സുഖന്ദ മജുംദാര്‍: പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ്.
- ദുര്‍ഗാദാസ് ഉയികെ: മധ്യപ്രദേശിലെ ബെതൂള്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയില്‍
- രവനീത് സിങ് ബിട്ടു: പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. ലുധിയാനയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
- സഞ്ജയ് സേഥ്: ബിജെപി നേതാവ്
- സതീഷ് ചന്ദ്ര ദുബേ: ബീഹാറിലെ ബിജെപി നേതാവ്. രാജ്യസഭാംഗം
- ബഗീരഥ് ചൗധരി: രാജസ്ഥാനിലെ അജ്മേറില്‍ നിന്നുള്ള ലോക്‌സഭാംഗം.
- കമലേഷ് പാസ്വാന്‍: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ്
- ബണ്ടി സഞ്ജയ് കുമാര്‍: തെലങ്കാനയിലെ കരിംനഗറില്‍ നിന്ന് ലോക്‌സഭയിലേക്ക്
- അജയ് താംത: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ നിന്ന് ലോക്‌സഭയിലേക്ക്
നേപ്പാള്‍ പ്രധാനമന്ത്രി പുഷ്‌പകമല്‍ ദഹല്‍ പ്രചണ്ഡ, ശ്രീലങ്കന്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിന്‍ഹെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ദഷോ ഷെറിങ് ടോബ്‌ഗേ, മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് ജുഗനൗത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സീഷെല്‍സ് വൈസ് പ്രസിഡന്‍റ് അഹമ്മദ് അഫിഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.