ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് വിവേചനപരമെന്ന പ്രതിപക്ഷ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അത് തികച്ചും നിഷ്‌ഠൂരമായ ആരോപണമാണ്. സംസ്ഥാനങ്ങള്‍ക്ക് പദ്ധതികളും ഫണ്ടുകളും നല്‍കിയില്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള വിവേചനമാണ് ബജറ്റെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെപ്പോലൊരു മുതിര്‍ന്ന നേതാവ് ഇത്തരത്തില്‍ ബജറ്റിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ രാജ്യസഭയില്‍ പറഞ്ഞു.
താന്‍ പല സംസ്ഥാനങ്ങളെയും ബജറ്റില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല എന്നതാണ് അദ്ദേഹം ഉയര്‍ത്തുന്ന പ്രധാന ആരോപണം. രണ്ട് സംസ്ഥാനങ്ങളെ മാത്രമെ പരാമര്‍ശിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു. പ്രസംഗത്തില്‍ എന്താണ് ഉണ്ടായതെന്ന് താന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.
കോണ്‍ഗ്രസ് ദീര്‍ഘകാലം രാജ്യം ഭരിച്ച കക്ഷിയാണ്. ധാരാളം ബജറ്റുകളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ബജറ്റുകളിലും എല്ലാ സംസ്ഥാനങ്ങളുടെയും പേര് പരാമര്‍ശിക്കുക എളുപ്പമല്ലെന്ന് അവര്‍ക്ക് അറിയാവുന്നതാണ്.
ഫെബ്രുവരി 1ന് അവതരിപ്പിച്ച വോട്ട് ഓണ്‍ അക്കൗണ്ടിലും ഇന്നലെ അവതരിപ്പിച്ച ബജറ്റിലും തനിക്ക് പല സംസ്ഥാനങ്ങളുടെയും പേരുകള്‍ പരാമര്‍ശിക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വധ്‌വാന്‍ എന്നൊരു തുറമുഖം നിര്‍മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇന്നലത്തെ ബജറ്റില്‍ മഹാരാഷ്‌ട്ര എന്ന പേര് പരാമര്‍ശിച്ചില്ല. അതിനര്‍ഥം മഹാരാഷ്‌ട്രയെ അവഗണിച്ചു എന്നാണോയെന്നും അവര്‍ ചോദിച്ചു.
മഹാരാഷട്രയിലെ ഈ തുറമുഖത്തിനായി 76000കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വോട്ട് ഓണ്‍ അക്കൗണ്ടിലും മഹാരാഷ്‌ട്രയുടെ പേര് പറഞ്ഞിരുന്നില്ല. ഇന്നലെയും പറഞ്ഞില്ല. അതിനര്‍ഥം മഹാരാഷ്‌ട്രയെ അവഗണിച്ചെന്നാണോയെന്നും അവര്‍ ആവര്‍ത്തിച്ചു.
ഇതുപോലെ പല പ്രധാന പദ്ധതികളും പ്രഖ്യാപിച്ച പല സംസ്ഥാനങ്ങളുടെയും പേരുകള്‍ തനിക്ക് എടുത്ത് പറയാനാകും. ഒരു പ്രത്യേക സംസ്ഥാനത്തെ കുറിച്ച് പരാമര്‍ശിച്ചില്ലെങ്കില്‍ പദ്ധതികളും പരിപാടികളും ഇന്ത്യന്‍ സര്‍ക്കാരിന്‍റേതാണ് എന്നാണ്. എന്ന് കരുതി ലോകബാങ്ക്, എഡിബി, എഐബി, തുടങ്ങി വിദേശത്ത് നിന്ന് നാം നേടുന്ന സഹായങ്ങള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബജറ്റില്‍ ഓരോ വകുപ്പുകള്‍ക്കും അനുവദിച്ചിട്ടുള്ള തുകകള്‍ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.കോണ്‍ഗ്രസിന്‍റെ ഓരോ ബജറ്റിലും എല്ലാ സംസ്ഥാനങ്ങളും പരാമര്‍ശിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ താന്‍ അവരെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആന്ധ്രയെയും ബിഹാറിനെയുമല്ലാതെ ഒരു സംസ്ഥാനത്തെയും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ബജറ്റിനെ ഖാര്‍ഗെ അപലപിക്കുകയും ചെയ്‌തിരുന്നു.
Also Read; 'കേന്ദ്ര ബജറ്റ് വിവേചനപരം'; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം