മുംബൈ : മഹാരാഷ്‌ട്രയിലെ ഹിംഗോലി ജില്ലയിൽ ഭൂചലനം (MH Earthquake). ഇന്ന് (21-03-2024) രാവിലെ 6.09 നാണ് റിക്‌ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അഖാര ബാലാപൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
നാഷണൽ എർത്ത്‌ക്വേക്ക് സയൻസ് സെന്‍ററും ഭൂകമ്പത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തു. ഭൂചലനം ജനങ്ങളെ ഭീതിയിലാഴ്‌ത്തി. നന്ദേഡ്, പർഭാനി ജില്ലകളിലും പ്രകമ്പനങ്ങളുണ്ടായി. ഇവിടങ്ങളിലെ ചില ഗ്രാമങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ശബ്‌ദം ഉയര്‍ന്നതായും വിവരമുണ്ട്. കൽമാനൂരി താലൂക്കിലെ ദണ്ഡേഗാവ് മേഖലയിൽ ഭൂചലനത്തില്‍ മതിൽ ഇടിഞ്ഞുവീണു. പ്രകമ്പനത്തെ തുടർന്ന് ആളുകൾ വീടുവിട്ട് പുറത്തിറങ്ങി നിന്നു.
ഹിംഗോലിയിൽ ഭൂഗർഭ ശബ്‌ദം : കഴിഞ്ഞ അഞ്ച് വർഷമായി ഹിംഗോലി ജില്ലയിൽ ഭൂചലനങ്ങൾ ഏറിയും കുറഞ്ഞും അനുഭവപ്പെടുന്നുണ്ട്. ഭൂമിയ്ക്കടിയിൽ നിന്ന് ശബ്‌ദങ്ങൾ വരുന്നതായി പലതവണ വെളിപ്പെട്ടിട്ടുണ്ട്. കൽമാനൂരി വാസ്‌മത്ത് താലൂക്കിലെ ചില ഗ്രാമങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാസ്‌മത്ത് താലൂക്കിലെ പാൻഗ്ര ഷിൻഡെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഭൂമിയ്ക്കടിയില്‍ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു.