ശ്രീനഗർ : വരാനിരിക്കുന്ന ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്‌തി. മുഖ്യമന്ത്രിയായിരുന്നിട്ടും പാർട്ടിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മെഹബൂബ മുഫ്‌തി ഇക്കാര്യം പറഞ്ഞത്.
നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ മുഖ്യമന്ത്രിക്ക് നിയമങ്ങൾ നടപ്പാക്കുന്നതിലുളള അധികാരത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മെഹബൂബയുടെ പ്രതികരണം. 2016ൽ താൻ ബിജെപി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 12,000 പേർക്കെതിരായ എഫ്ഐആർ റദ്ദാക്കിയെന്നും ഇന്ന് അത്തരം നടപടികൾ സ്വീകരിക്കാൻ കഴിയുമോയെന്നും മെഹ്‌ബൂബ ചോദിച്ചു. എഫ്ഐആർ പിൻവലിക്കാൻ പോലുമുളള അധികാരം മുഖ്യമന്ത്രിക്ക് ഇല്ലെങ്കിൽ പിന്നെ ആ പദവിക്ക് എന്ത് വിലയുണ്ടെന്ന് അവർ ചോദിച്ചു.
രാഷ്ട്രീയ നിലപാട് മാറുന്ന പശ്ചാത്തലത്തിലാണ് മെഹബൂബ ഈ തീരുമാനമെടുത്തത്. ജമ്മു കശ്‌മീരിൻ്റെ പദവി മാറുന്നത് വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തീരുമാനം എടുത്ത നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്‌ദുള്ള പിന്നീട് നിലപാട് മാറ്റുകയും തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുളള ആഗ്രഹം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഗന്ദർബാൽ സീറ്റിലേക്കാണ് ഒമർ മത്സരിക്കാനൊരുങ്ങുന്നത്.
ഒമറിൻ്റെ ഈ തീരുമാനത്തോടുള്ള പ്രതികരണമായി മെഹബൂബ നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തെ വിമർശിക്കുകയുണ്ടായി. ലക്ഷ്യങ്ങളെക്കാൾ അധികാരത്തിന് വേണ്ടിയാണ് ഇങ്ങനെ നിലപാട് മാറ്റിയതെന്ന് മെഹബൂബ മുഫ്‌തി വിമർശിച്ചു.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് : പിഡിപി പോളിങ് ഏജൻ്റുമാരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മെഹബൂബ മുഫ്‌തി