ന്യൂഡൽഹി: റഷ്യയിലെത്തിയ ഇന്ത്യക്കാർ നിർബന്ധിത സൈനീക സേവനത്തിന് നിയോഗിക്കപ്പെടുന്നതായുള്ള റിപ്പോർട്ടുകളിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലിന്‍റെ ഫലമായി റഷ്യൻ സൈന്യത്തിൽ പ്രവർത്തിച്ചിരുന്ന നിരവധി ഇന്ത്യക്കാരെ പിരിച്ചുവിട്ടതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഇന്ത്യൻ പൗരന്മാര്‍ക്ക് റഷ്യൻ സൈന്യത്തിൽ നിന്ന് നേരത്തെയുള്ള വിടുതൽ ലഭിക്കാന്‍ റഷ്യൻ അധികൃതരുമായി ചർച്ചകൾ നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു (Indians With Russian Army being Discharged).
മോസ്കോയിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ഇത്തരത്തിലുള്ള ഓരോ കേസും റഷ്യൻ അധികൃതരുമായി ചർച്ച ചെയ്‌തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോസ്‌കോയുമായി നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര സംഭാഷണങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട്, റഷ്യൻ സൈന്യത്തിലുള്ള ഇന്ത്യക്കാരുടെ വിടുതൽ സുഗമമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെപ്പറ്റി വിദേശകാര്യ മന്ത്രാലയ വക്താവ് ഊന്നിപ്പറഞ്ഞു (Indian Embassy in Moscow).
റഷ്യൻ സൈന്യത്തിനൊപ്പം സഹായികളായി പ്രവർത്തിക്കുന്നതിനെതിരെ ഇന്ത്യൻ പൗരന്മാർക്ക് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതിനുപിന്നാലെയാണ് തങ്ങൾ സജീവ ഇടപെടൽ നടത്തുന്നതായുള്ള സ്ഥിരീകരണം.
ഏതാനും ഇന്ത്യക്കാർ റഷ്യൻ സൈന്യവുമായി ബന്ധപ്പെട്ട് സഹായികളുടെ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇവരുടെ വിടുതലിനായി ഇന്ത്യൻ എംബസി സജീവ ഇടപെടലുകൾ നടത്തുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്ഷ്വാൾ നേരത്തെ പറഞ്ഞിരുന്നു. വിവേകപൂർവം പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ പൗരന്മാർ സംഘർഷ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.