ന്യൂഡൽഹി: ബെയ്‌ജിങ് എത്ര തവണ അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമാണെന്നും ന്യൂഡൽഹിയുടെ നിലപാട് മാറാൻ പോകുന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അരുണാചൽ പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദം തുടരുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര വാര്‍ത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ തിങ്കളാഴ്‌ച (മാര്‍ച്ച് 25) ചൈനയുടെ അവകാശവാദം ആവർത്തിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മറുപടി.
'അരുണാചൽ പ്രദേശ് വിഷയത്തിൽ ഞങ്ങളുടെ നിലപാട് പലതവണ വ്യക്തമാക്കിയതാണ്. അടുത്തിടെയും ഞങ്ങൾ ഇക്കാര്യത്തിൽ പ്രസ്‌താവന ഇറക്കിയിരുന്നു. ചൈന എത്ര തവണ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ആവർത്തിച്ചാലും നമ്മുടെ നിലപാടിൽ മാറ്റം വരാന്‍ പോകുന്നില്ല. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി തുടരും'- രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചതിനെ കുറിച്ചും ജയ്‌സ്വാളിനോട് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. 'പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞത് ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ കൊലപാതകത്തിന്‍റെ വിശദാംശങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കുകയാണെങ്കിൽ അന്വേഷിക്കാൻ തയ്യാറാണെന്ന് സെപ്റ്റംബറിൽ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ ഇന്ത്യ വ്യക്തമാക്കിയതാണ്. ഞങ്ങൾക്ക് ഇതുവരെ അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രാഷ്‌ട്രീയം കളിക്കുന്നതിനും തീവ്രവാദികൾക്ക് കൂടുതൽ ഇടം നൽകുന്നതിനുമെതിരെ ഞങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്'- ജയ്‌സ്വാള്‍ മറുപടി നല്‍കി.
ഖാലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിങ് പന്നൂന്‍റെ കേസുമായി ബന്ധപ്പെട്ട ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിപ്രായത്തിലും അദ്ദേഹം പ്രതികരിച്ചു. "നിയമവാഴ്‌ച അനുസരിക്കുന്ന രണ്ട് രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഏത് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാൻ ഞങ്ങള്‍ പ്രാപ്‌തമാണ്. ഇതുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷികളുടെ അനാവശ്യ ഉപദേശങ്ങൾക്ക് ചെവികൊടുക്കില്ല"- ജയ്‌സ്വാള്‍ പറഞ്ഞു.
ഇസ്രായേലിന്‍റെ പലസ്‌തീന്‍ അധിനിവേശത്തില്‍ റംസാൻ പ്രമാണിച്ച് അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ സുരക്ഷ കൗൺസിൽ പാസാക്കിയ പ്രമേയം ഒരു നല്ല കാര്യമായി കാണുന്നു എന്നും എംഇഎ വക്താവ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങൾ ഭീകരവാദത്തെ അപലപിച്ചിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ആഹ്വാനം ചെയ്‌തു. കൂടാതെ പലസ്‌തീനിലെ ജനങ്ങൾക്ക് മാനുഷിക സഹായം സമയബന്ധിതമായി എത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ഞങ്ങൾ ആവർത്തിച്ചു പറയുന്നുണ്ട്'- അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ബെയ്‌ജിങ് സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഞങ്ങളുടെ സാമ്പത്തിക, സുരക്ഷാ താത്പര്യങ്ങളെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും ഞങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്.