ന്യൂഡൽഹി : രണ്ട് വ്യക്തികളുടെ ഐക്യവും ആജീവനാന്ത അന്തസും ഉറപ്പിക്കുന്ന പവിത്ര കര്‍മമാണ് വിവാഹമെന്ന് സുപ്രീം കോടതി. ശരിയായ ചടങ്ങുകളില്ലാതെ വിവാഹം രജിസ്‌റ്റർ ചെയ്‌താൽ ഹിന്ദു വിവാഹത്തിന് കീഴിൽ സാധുതയില്ലെന്ന വിധിയിലാണ് കോടതിയുടെ പരാമര്‍ശം. ഹിന്ദു വിവാഹം ഒരു സംസ്‌കാരമാണെന്നും ഇന്ത്യൻ സമൂഹത്തിൽ അതിന് വലിയ മൂല്യം കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്‌റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്‌റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. യുവതീയുവാക്കള്‍ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യൻ സമൂഹത്തിൽ വിവാഹം എത്രത്തോളം പവിത്രമാണ് എന്നതിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നതായും ബെഞ്ച് പറഞ്ഞു. വിവാഹം എന്നത് കേവലം പാട്ടും നൃത്തവും വിരുന്നും മാത്രം ചേരുന്ന സംഭവമോ സ്‌ത്രീധനം ആവശ്യപ്പെടാനും കൈമാറാനുമുള്ള അവസരമോ അല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹിന്ദു വിവാഹത്തിന് നിശ്ചയിച്ചിരിക്കുന്ന മതപരമായ വ്യവസ്ഥകൾ കർശനമായും പാലിക്കേണ്ടതുണ്ടെന്നും അത് നിസാരമായ കാര്യമല്ലെന്നും ബെഞ്ച് പറഞ്ഞു. '1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരമുള്ള ആചാരാനുഷ്‌ഠാനങ്ങളിലും ചടങ്ങുകളിലും ആത്മാർഥമായ പെരുമാറ്റവും പങ്കാളിത്തവും എല്ലാ ദമ്പതികളും പുരോഹിതരും ഉറപ്പാക്കണം' - ബെഞ്ച് പറഞ്ഞു. വിവാഹം ഒരു വാണിജ്യ ഇടപാടല്ല എന്നും കോടതി വ്യക്തമാക്കി.
ചടങ്ങുകള്‍ ഇല്ലാതെ വിവാഹിതരാകുന്ന യുവതയുടെ സമ്പ്രദായത്തെ ബെഞ്ച് വിമര്‍ശിച്ചു. സംസ്ഥാന സർക്കാർ ഉണ്ടാക്കിയ നിയമങ്ങൾക്കനുസൃതമായി വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നത് ഹിന്ദു വിവാഹത്തിന് തെളിവാകില്ല എന്നും ബെഞ്ച് വ്യക്തമാക്കി.
2021 ജൂലായ് 7-ന് വിവാഹം രജിസ്‌റ്റര്‍ ചെയ്‌തതുമായി ബന്ധപ്പെട്ട ഒരു ട്രാന്‍സ്‌ഫര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. പൈലറ്റുമാരായി ജോലി ചെയ്‌തിരുന്ന ദമ്പതികൾ ഗാസിയാബാദ് ആസ്ഥാനമായുള്ള വാഡിക്കിൽ നിന്നാണ് വിവാഹ സർട്ടിഫിക്കറ്റ് നേടിയത്. ഉത്തർപ്രദേശ് സർക്കാർ നിയമപ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു.
പിന്നീട്, 2022 ഒക്‌ടോബറിൽ വിവാഹ ചടങ്ങ് നടത്താനായിരുന്നു ദമ്പതികളുടെ പദ്ധതി. എന്നാൽ അതിനിടയിൽ വന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്‌ത്രീധന പീഡനം, വിവാഹമോചനം ഉൾപ്പടെ ഒന്നിലധികം കേസുകൾ ഫയൽ ചെയ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷനും വിസയ്ക്കും വേണ്ടി മാത്രമുള്ള ഔപചാരിക വിവാഹ രീതി ഒഴിവാക്കണമെന്ന് ബെഞ്ച് പറഞ്ഞു. ആചാരങ്ങളും ചടങ്ങുകളുമായി നടത്തുന്ന വിവാഹം വ്യക്തിക്ക് മോക്ഷം നൽകുന്ന ഒന്നാണെന്നും ബെഞ്ച് അവകാശപ്പെട്ടു. ഇരുവരുടെയും വിവാഹം സാധുവാകില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ഇരുവരും പരസ്‌പരം നൽകിയ മൂന്ന് കേസുകളും റദ്ദാക്കി.