ബെംഗളൂരു: ഫോട്ടോയുടെ അടിസ്ഥാനത്തിൽ ദമ്പതികൾ തമ്മിലുള്ള അടുപ്പം നിർണ്ണയിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വിവാഹമോചന ഹർജി തള്ളിയ കുടുംബ കോടതിയുടെ വിധി ചോദ്യം ചെയ്‌ത് തുമകുരു സ്വദേശിനിയായ യുവതി നൽകിയ ഹർജി പരിഗണിച്ച ജസ്‌റ്റിസ് അനു ശിവരാമനും, ജസ്‌റ്റിസ് അനന്ത രാമനാഥ ഹെഗ്‌ഡെയും അടങ്ങുന്ന ബെഞ്ചാണ് അഭിപ്രായം പ്രകടിപ്പിച്ചത്. കൂടാതെ, ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കാന്‍ ഉത്തരവിടുകയും ചെയ്‌തു.
'ദമ്പതികൾ വിവാഹത്തിൽ പങ്കെടുക്കുകയും അതിനിടെയുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിൽ ദമ്പതികൾക്കിടയിൽ പ്രശ്‌നമൊന്നുമില്ലെന്ന് അർത്ഥമാക്കുന്നില്ല. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നില്ല. കൂടാതെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ തെളിവ് നൽകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതുകൊണ്ട് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ബെഞ്ച് പറഞ്ഞു.
ദമ്പതികൾ തമ്മിലുള്ള പരസ്‌പര വിശ്വാസം, സ്നേഹം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് വിവാഹം. ദമ്പതികളിൽ ഒരാൾ മറ്റൊരാളുടെ പെരുമാറ്റത്തിൽ സംശയിക്കുകയും അത് തെളിയിക്കുകയും ചെയ്‌തില്ലെങ്കിൽ, അത്തരം ആരോപണം അടിസ്ഥാനരഹിതമായിരിക്കും. അത് ദാമ്പത്യ ബന്ധങ്ങളെ ഉലയ്ക്കും. അങ്ങനെയെങ്കിൽ ഭാര്യക്ക് ദാമ്പത്യ ജീവിതം സമാധാനപരമായി തുടരാൻ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു.
കേസിലെ ഹർജിക്കാരി 2013 ലാണ് വിവാഹിതയാകുന്നത്. ഇരുവര്‍ക്കും 2008 മുതൽ പരസ്‌പരമറിയാം. വിവാഹശേഷം ഭാര്യ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. രണ്ടു വർഷത്തോളം അവർ ഒരുമിച്ചായിരുന്നു. പിന്നീട് ഭാര്യയിൽ സംശയം തോന്നിയ ഭർത്താവ് യുവതിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു.
മൊബൈൽ ഫോൺ കോളുകൾ പരിശോധിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു. കൂടാതെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും കൊല്ലാൻ ശ്രമിച്ചെന്നും യുവതി ഹർജിയിൽ പറയുന്നു. 2017 മുതൽ ബെംഗളൂരുവിലെ മുത്തശ്ശിയുടെ വീട്ടിലാണ് ഭാര്യ താമസിച്ചിരുന്നത്.
ഇതിനിടെ കുടുംബകോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. 'കക്ഷിയുടെ ഭാര്യ ബിരുദാനന്തര ബിരുദം നേടിയ ശേഷം അഹംഭാവത്തോടെയാണ് പെരുമാറിയത്, അവളുടെ മാതാപിതാക്കളോടൊപ്പം താമസിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ചു. എന്നാൽ ഭർത്താവിന് ഇത് ഇഷ്‌ടപ്പെട്ടില്ലെന്ന്, വിചാരണ വേളയിൽ ഭർത്താവിന് വേണ്ടി വാദിച്ച അഭിഭാഷകൻ പറഞ്ഞു.
കൂടാതെ, 2018 ൽ ഒരു വിവാഹത്തിൽ കണ്ടുമുട്ടിയ ഇരുവരും ഒരുമിച്ച് എടുത്ത ഫോട്ടോ കാണിച്ച് അവർ സന്തുഷ്‌ടരാണെന്നും വിവാഹമോചനം നൽകേണ്ടതില്ലെന്നും ഹർജി തള്ളണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.