കൊൽക്കത്ത: വെസ്റ്റ് ബംഗാളിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സവ്യസാചി ഗോസ്വാമി എന്ന കിഷോർ നിരവധി സ്ത്രീകളെ ഉൾപ്പെടുത്തി മാവോയിസ്റ്റ് സ്ക്വാഡ് രൂപീകരിക്കാൻ പദ്ധതിയിട്ടതായി പൊലീസ്. ജനുവരി 12 ന് പുരുലിയ ജില്ലയിൽ നിന്നാണ് ഇയാൾ പൊലീസിന്‍റെ പിടിയിലായത്. ഗോസ്വാമിയുടെ തലയ്ക്ക് 10 ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കൊൽക്കത്തയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 31 സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പുതിയ മാവോയിസ്റ്റ് സംഘം രൂപീകരിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നെന്ന് കൊൽക്കത്ത പൊലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. ഓരോ പ്രദേശങ്ങളിൽ നിന്നും പീഡനത്തിനിരയായവരും വിവിധ പരിപാടികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടവരുമായ സ്ത്രീകളാണ് സ്‌ക്വഡിൽ ഉൾപ്പെട്ടിരുന്നതെന്നും പൊലീസ് പറയുന്നു.
കുറച്ച് കാലങ്ങളായി ജംഗൽമഹലിലെ ബങ്കുറ, പുരുലിയ എന്നിവിടങ്ങളിൽ നിരവധി ഉന്നത മാവോയിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞിരുന്നതായും സ്ത്രീകളെ സംഘത്തിലേക്ക് എത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സ്ലീപ്പർ സെല്ലുകളിൽ പ്രവർത്തിക്കുന്നതിനായി വിദ്യാസമ്പന്നരായ സ്ത്രീകളെ സംഘത്തിൽ ഉൾപ്പെടുത്തുന്നതായും പൊലീസ് അറിയിച്ചു.
പരിശീലനം പൂർത്തിയായ സ്ത്രീകൾക്ക് മാവോയിസ്റ്റ് സെല്ലുകളിൽ നേരിട്ട് പ്രവർത്തിക്കാൻ കഴിയുമെന്ന് ലാൽബസാറിലെ എസ്‌ടിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് നേതാവിനെ കുറിച്ച് ബീഹാർ, ജാർഖണ്ഡ് പൊലീസ് നൽകിയ വിവരത്തെ തുടർന്ന് എസ്‌ടിഎഫ് സംഘം ഇയാളെ പിടികൂടിയിരുന്നു.
"ജാർഖണ്ഡ് അതിർത്തിക്കടുത്തുള്ള ഒരു കാടിനടുത്ത് ഇയാളുടെ നീക്കത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുകയും തുടർന്ന് റെയ്‌ഡ് ആരംഭിക്കുക ചെയ്യുകയായിരുന്നു. ഒടുവിൽ, ചൗനിയയ്ക്ക് സമീപമുള്ള കാട്ടിൽ നിന്ന് ഞങ്ങൾ അവനെ അറസ്റ്റ് ചെയ്‌തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഏതാനും റൗണ്ട് ബുള്ളറ്റുകളും ഒരു 9 എംഎം പിസ്റ്റലും ചില രേഖകളും കണ്ടെടുത്തു."- പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.