ഹൈദരാബാദ്: ഉത്തരേന്ത്യൻ സംസ്ഥാനമായ ബീഹാർ മുതൽ മധ്യപ്രദേശ് വരെയുള്ള സംസ്ഥാനങ്ങളിൽ രണ്ട് ദിവസങ്ങളിലായി കനത്ത ചൂടാണ് അനുഭവപ്പെട്ടത്. പല സംസ്ഥാനങ്ങളിലും 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ഈ സംസ്ഥാനങ്ങളിൽ 41 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സൂര്യാഘാതമാകാം മരണകാരണമെന്നാണ് നിഗമനം.
ബീഹാറിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത്. നിരവധി പൊലീസ് ഉദ്യോഗസ്ഥരടക്കം 19 പേരാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ബീഹാറിൽ മരിച്ചത്. സംസ്ഥാനത്ത് ചൂടും ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത ചൂടിനെ തുടർന്ന് ആറ് മണിക്കൂറിനുള്ളിൽ 10 മരണങ്ങളാണ് ഒഡീഷയിലെ റൂർക്ക സർക്കാർ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്‌തതെന്ന് ഡയറക്‌ടർ ഇൻ ചാർജ് ഡോ. സുധാറാണി പ്രധാൻ പറഞ്ഞു.
മരിച്ചവരുടെ ശരീര താപനില രേഖപ്പെടുത്തിയത് 103-104 ഡിഗ്രി ഫാരൻഹീറ്റ് ആയിരുന്നു. ഒഡീഷയിലെ പല സ്ഥലങ്ങളിലും 44 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. രാജസ്ഥാനിൽ ഉഷ്‌ണതരംഗത്തിൽ മരണസംഖ്യ അഞ്ചായി. വ്യാഴാഴ്‌ച രാജസ്ഥാനിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 47.4 ഡിഗ്രി സെൽഷ്യസ് ആണ്. പല ജില്ലകളും കടുത്ത ചൂടും ജലക്ഷാമവും രൂക്ഷമാണ്.
ജാർഖണ്ഡിലെ പലാമു ജില്ലയിൽ ഉഷ്‌ണതരംഗത്തെ തുടർന്ന് നാല് പേരാണ് മരിച്ചത്. ഗർവ ജില്ലയിൽ നിന്ന് ബുധനാഴ്‌ച രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഉഷ്‌ണക്കാറ്റിനെ തുടർന്ന് പത്തോളം പേർ ജില്ല ആശുപത്രികളിൽ ചികിത്സയിലാണ്. ജാർഖണ്ഡിൽ ഉഷ്‌ണതരംഗ സാഹചര്യങ്ങളെ നേരിടാൻ റാപ്പിഡ് ആക്ഷൻ ടീം രൂപീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ അമ്മയ്‌ക്കൊപ്പം മരുന്ന് വാങ്ങാൻ പോയ രണ്ട് കുട്ടികളാണ് സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്. ഉത്തർപ്രദേശിൽ വ്യാഴാഴ്‌ച സൂര്യാഘാതത്തെ തുടർന്ന് ഒരു സ്ത്രീ മരിക്കുകയും, മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. ഹിമാചൽ പ്രദേശിലെ 12 ജില്ലകളിൽ എട്ടെണ്ണത്തിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
ഉന ജില്ലയിൽ 46 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 2012ന് ശേഷം ഇതാദ്യമായാണ് ഉനയിൽ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഷിംലയിലും 2006 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഹിമാലയൻ പർവതനിരകളിൽ പോലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഷിംലയിൽ 31 ഡിഗ്രിയിൽ കൂടുതൽ താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: ഒഡിഷയിലെ ഉഷ്‌ണതരംഗം: റൂർക്കേലയിൽ മരണം 16 ആയി; സൂര്യാഘാതമെന്ന് സംശയം