റായ്‌പൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ ശരീരത്തിലൂടെ കാർ കയറ്റാൻ ശ്രമിച്ചതായി പരാതി. ഛത്തീസ്‌ഗഡിലെ ഭിലായ് ജില്ലയിലാണ് സംഭവം. ഭർത്താവ് തന്നെയും മുത്തശ്ശിയെയും ബലമായി കാറിൽ കയറ്റി മർദിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രതിയായ രജത് പ്രതാപ് സിങിനെതിരെ ഭിലായ് നഗർ പൊലീസ് കേസെടുത്തു.
2023 ജൂണിലാണ് ദമ്പതികളുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞയുടനെ ദമ്പതികൾ തമ്മിൽ വഴക്ക് ആരംഭിച്ചിരുന്നു. തുടർന്ന് യുവതി സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. മുത്തശ്ശിയുമൊത്ത് യുവതി ആശുപത്രിയിൽ നിന്നും തിരികെ വരുന്നതിനിടയിലാണ് സംഭവം. റോഡരികിൽ തടഞ്ഞുനിർത്തി യുവതിയോട് തന്നോടൊപ്പം വരാൻ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ യുവതി ഇത് വിസമ്മതിച്ചു. ഇതിനെ തുടർന്ന് പ്രതി അസുഖ ബാധിതയായ മുത്തശ്ശിയെയും ഭാര്യയെയും ബലപ്രയോഗത്തിലൂടെ സ്വന്തം കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു പ്രതി. വീടിന് സമീപമെത്തിയപ്പോൾ പ്രതി യുവതിയെ കാറിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി ശരീരത്തിലൂടെ കാർ കയറ്റിയതായും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.
പിന്നീട് ഇരുവരെയും വീട്ടിലെത്തിച്ച് യുവാവ് മർദിച്ചു. മർദനത്തെ തുടർന്ന് മുത്തശ്ശിയുടെ ആരോഗ്യനില വഷളായതോടെ യുവതി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കുടുംബങ്ങളെയും ചോദ്യം ചെയ്യാൻ വിളിച്ചതായും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.