ന്യൂഡല്‍ഹി : യുവാവിനെ ക്രൂരമായി ആക്രമിച്ച് സുഹൃത്തുക്കള്‍. വെട്ടിയും കുത്തിയും യുവാവിനെ പരിക്കേല്‍പ്പിച്ചത് നാലംഗസംഘം. ഇതിന് പുറമെ വെടിവച്ചും പരിക്കേല്‍പ്പിച്ചു (Man shot and stabbed). അതീവ ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ശാസ്‌ത്രിപാര്‍ക്ക് മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ശാസ്‌ത്രി പാര്‍ക്കിലെ ബുലുന്ദ് മസ്ജിദിന് സമീപമാണ് ആക്രമണം അരങ്ങേറിയത് (Delhi's Shastri Park). സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇരു കാലിലും ഗുരുതരമായി പരിക്കേറ്റ സമീര്‍ അഹമ്മദ് എന്ന യുവാവിനെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും അവിടെ നിന്ന് ആര്‍എംഎല്‍ ആശുപത്രിയിലേക്കും മാറ്റി.
ബിലാല്‍, സൗദ്, ഫിറോസ്, സലിം എന്നിവര്‍ ആദ്യം തന്നെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ബിലാല്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അഹമ്മദ് പൊലീസിന് മൊഴി നല്‍കി. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കണ്ടുനിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചു. തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഒരാളെ ഇവര്‍ തല്ലുകയും ചെയ്തു.
Also Read: യുവാവ് കുത്തേറ്റ് മരിച്ചു; മദ്യപാനത്തിനിടെ വാക്കേറ്റവും സംഘര്‍ഷവും
പിന്നീട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ നാലുപേരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അക്രമികള്‍ രക്ഷപ്പെട്ടെങ്കിലും അനക്കമറ്റ നിലയിലുള്ള അഹമ്മദിനടുത്തേക്ക് ചെല്ലാന്‍ ആദ്യം ആരും ധൈര്യം കാട്ടിയില്ല. പിന്നീടവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.