കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. കാളിഘട്ടിലെ വീട്ടിനുള്ളില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം(Mamata Banerjee).
ഉടന്‍ തന്നെ മമതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ മുറിവ് പറ്റിയതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തെന്നി വീണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. മമതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പോസ്റ്റില്‍ തൃണമൂല്‍ ആവശ്യപ്പെടുന്നു. നെറ്റിയിലെ മുറിവിന് തുന്നലുകളിട്ടതായും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടതോടെ മമതയെ വീട്ടിലേക്ക് വിട്ടു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് മമത. ഒരു പരിപാടിക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് 69കാരിയായ മമത വീടിനുള്ളില്‍ വീണത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന അനന്തരവന്‍ അഭിഷേക് ബാനര്‍ജി മമതയെ ആശുപത്രിയിലെത്തിച്ചു.
നിരവധി നേതാക്കള്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
എത്രയും പെട്ടെന്ന് തങ്ങളുടെ നേതാവ് സുഖംപ്രാപിക്കട്ടെയെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ ആശംസിച്ചതായി ടിഎംസി നേതാവ് ശേഖര്‍ റായ് അറിയിച്ചു. അദ്ദേഹം മമതയുടെ ആരോഗ്യവിവരങ്ങളെക്കുറിച്ച് അന്വേഷിക്കുകയുമുണ്ടായി. ധന്‍കര്‍ മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കൂടിയാണ്.
പശ്ചിമബംഗാളിലെ നിലവിലെ ഗവര്‍ണര്‍ സി വി ആനന്ദബോസ് നേരിട്ട് ആശുപത്രിയിലെത്തി മമതയുടെ വിവരങ്ങള്‍ ആരാഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മമത വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും മമതയ്ക്ക് അപകടമുണ്ടായതില്‍ ആശങ്ക അറിയിച്ചു. വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും ബംഗാള്‍ സിപിഎം സെക്രട്ടറി എം ഡി സലിമും മമത എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിച്ചു.
Also Read: ലോക്‌സഭ സീറ്റ് തര്‍ക്കം; സഹോദരനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് മമത