ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണ ഇന്ത്യയെ വഞ്ചിച്ചതിന്‍റെ ജീവിക്കുന്ന സ്‌മാരകമാണ് പദ്ധതിയെന്നും ഖാര്‍ഗെ പറഞ്ഞു.
2005-ലെ ഇതേ ദിനത്തില്‍ യുപിഎ സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ) പാസാക്കിയതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഗ്രാമീണമേഖലയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന നിയമമാണിത്. കുറഞ്ഞ കൂലിയും കൃത്യതയില്ലാത്ത തൊഴില്‍ ദിനങ്ങളും തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കലും അടക്കമുള്ള ന്യൂനതകള്‍ ഉണ്ടെങ്കിലും നിലവില്‍ 13.3 കോടി ജനങ്ങള്‍ തൊഴിലുറപ്പ് മേഖലയെ ആശ്രയിച്ച് നില്‍ക്കുന്നുവെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
In 2005, on this day, our Congress-UPA Govt enacted Mahatma Gandhi National Rural Employment Guarantee Act (MGNREGA) to ensure ‘Right to Work’ to crores of people in rural India.
— Mallikarjun Kharge (@kharge) August 23, 2024
Presently, there are 13.3 Cr active workers who depend on MGNREGA, despite low wages, abysmal… pic.twitter.com/VC5dpoMUUi
സാങ്കേതികതയും ആധാറും ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ഏഴ് കോടി തൊഴിലാളികളുടെ തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കി. ഇവരെയെല്ലാം പദ്ധതിക്ക് പുറത്താക്കി. ഇക്കൊല്ലത്തെ ബജറ്റില്‍ തൊഴിലുറപ്പ് മേഖലയ്ക്ക് മാറ്റിവച്ചിരിക്കുന്നത് 1.78 കോടി രൂപമാത്രമാണ്. പദ്ധതിയ്ക്ക് അനുവദിച്ച തുകയില്‍ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിത്. മോദി സര്‍ക്കാര്‍ കൃത്രിമമായി ജോലിയോടുള്ള ആകര്‍ഷകത്വം ഇല്ലാതാക്കാനാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നത്.
ഇത്തരത്തില്‍ കുറഞ്ഞ വിഹിതം അനുവദിക്കുന്നത് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ നീതികരിച്ചിട്ടുമുണ്ട്. ഗ്രാമീണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിക്ക് സാധിച്ചില്ലെന്ന് സാമ്പത്തിക സര്‍വേയില്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി വളരെ കുറവാണെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്നു.
2014ന് ശേഷം ഉത്തര്‍പ്രദേശില്‍ കേവലം നാല് ശതമാനം മാത്രമാണ് പ്രതിവര്‍ഷം കൂലിയില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം അതിനേക്കാള്‍ വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ തൊഴിലാളിക്ക് ശരാശരി 213 രൂപയാണ് പ്രതിദിനം കിട്ടുന്നത്.
അതേസമയം 400 രൂപ പ്രതിദിന കൂലി എന്നതാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പതിമൂന്ന് മാസമായി ഗ്രാമീണ മേഖലയിലെ വിലക്കയറ്റം നഗരമേഖലയിലേതിനെക്കാള്‍ കൂടുതലാണ്. എന്നിട്ടും മോദി സര്‍ക്കാരിന്‍റെ ഗ്രാമീണ ജനതയോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടി ; കേരളത്തിൽ 346 രൂപ, കൂട്ടിയത് 13 രൂപ