പ്രധാനമന്ത്രി, നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ മലയാളി വന്ദേ ഭാരത് വനിത ലോക്കോ പൈലറ്റിന് ക്ഷണം. വന്ദേ ഭാരത് എക്‌സ്പ്രസ്, ജനശതാബ്‌ദി തുടങ്ങിയ ട്രെയിനുകളുടെ ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനാണ്, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റാണ് ഐശ്വര്യ എസ് മേനോൻ. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഐശ്വര്യ എസ് മേനോൻ പങ്കെടുക്കുമെന്ന് ദക്ഷിണ റെയിൽവേ വെള്ളിയാഴ്‌ച അറിയിച്ചു. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുകളിൽ ഒരാളാണ് മലയാളിയായ ഐശ്വര്യ മേനോൻ. നിലവിൽ ദക്ഷിണേന്ത്യയിലെ ട്രെയിനുകളുടെ ലോക്കോ പെെലറ്റാണിവര്‍.
കനത്ത സുരക്ഷയോടെയാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഡൽഹി ഒരുങ്ങുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്‌ത് നരേന്ദ്രമോദി നാളെ അധികാരത്തിലേറും. അതിനായി രാജ്യത്താകമാനം അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കമ്പനി അർദ്ധസൈനികർ, എൻഎസ്‌ജി കമാൻഡോകൾ, ഡ്രോണുകൾ, സ്‌നൈപ്പർമാർ എന്നിവരടങ്ങുന്ന വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ ജി 20 ഉച്ചകോടിക്ക് സമാനമായ സുരക്ഷയാണ് രാജ്യത്ത് ഒരുക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഇവർക്കായി നഗരത്തിലെ പ്രധാന ഹോട്ടലുകളായ ലീല, താജ്, ഐടിസി, മൗര്യ എന്നിവയും ഏർപ്പാടാക്കിയിട്ടുണ്ട്.
രാഷ്ട്രപതി ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് . അതിനാല്‍ രാഷ്ട്രപതി ഭവന്‍റെ അകത്തും പുറത്തും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹി പൊലീസിൻ്റെ പ്രത്യേക കമാൻഡോകളെ അന്നത്തെ ദിവസം രാഷ്ട്രപതി ഭവനിലും വിവിധ തന്ത്രപ്രധാന സ്ഥലങ്ങളിലും വിന്യസിപ്പിക്കും. അഞ്ച് കമ്പനി അർദ്ധസൈനികരും ഡൽഹി ആംഡ് പൊലീസ് (ഡിഎപി) ജവാൻമാരും ഉൾപ്പെടെ 2500 ഓളം പൊലീസുകാരെ വേദിക്ക് ചുറ്റും വിന്യസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
രാജ്യ തലസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ പല റോഡുകളും അടച്ചിടാന്‍ സാദ്ധ്യതയുണ്ട്. അല്ലെങ്കിൽ രാവിലെ മുതൽ ഗതാഗതം വഴിതിരിച്ചുവിട്ടേക്കാം. കൂടാതെ, ശനിയാഴ്‌ച മുതൽ തന്നെ ദേശീയ തലസ്ഥാനത്തിൻ്റെ അതിർത്തികളിൽ പരിശോധനകൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: വയനാടോ റായ്ബറേലിയോ ? ; തീരുമാനമെടുക്കാന്‍ രാഹുലിന് മുന്നില്‍ വെറും പത്തുദിവസം