തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കും. മലയാളിയുൾപ്പെടെ നാല് ബഹിരാകാശ സഞ്ചാരികളാണ് ഗഗൻയാൻ ദൗത്യത്തിന്‍റെ ഭാഗമാകുന്നത്. പദ്ധതിയ്ക്കായി തിരെഞ്ഞെടുത്ത ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരുടെ പേര് തിരുവനന്തപുരം വിഎസ്എസ് സിയില്‍ വച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുക.
ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കാനുള്ള പൈലറ്റുമാരെ 2020 ൽ തിരഞ്ഞെടുത്ത ശേഷം പരിശീലനത്തിനായി ഇവരെ റഷ്യയിലേക്ക് അയക്കുകയും ചെയ്‌തിരുന്നു. മാസങ്ങൾ നീണ്ട പരിശീലനം പൂർത്തിയാക്കി 2021 ൽ തിരിച്ചെത്തുകയും ചെയ്‌തു. നിലവിൽ ഐഎസ്ആർഒയുടെ പ്രത്യേക കേന്ദ്രങ്ങളിൽ പരിശീലനം തുടരുന്ന പൈലറ്റുമാരുടെ പേരുകൾ നാളെ പുറത്തുവിടും.
2025 ൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഗഗൻയാന്‍റെ ലക്ഷ്യം മനുഷ്യനെ ബഹിരാകാശത്തേക്കും അവിടെ നിന്ന് തിരിച്ചും സുരക്ഷിതമായി എത്തിക്കാൻ സാധിക്കുമെന്ന് തെളിയിക്കുക എന്നതാണ്.
അതേസമയം ഐഎസ്ആർഒയുടെ മൂന്ന് പ്രധാന സാങ്കേതിക സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ എത്തും. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദർശിനത്തിനെത്തുന്ന പ്രധാനമന്ത്രി ഗഗൻയാൻ പദ്ധതിയുടെ അവലോകനം നടത്തുകയും ചെയ്യും.
കൂടാതെ വിഎസ്എസ്‌സിയിലെ ട്രൈസോണിക് വിൻഡ് ടണൽ, തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലെ സെമി ക്രയോജനിക് ഇൻ്റഗ്രേറ്റഡ് എഞ്ചിൻ, സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ട ഷാറിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിലെ പിഎസ്എൽവി ഇൻ്റഗ്രേഷൻ ഫെസിലിറ്റി എന്നിവ മോദി ഉദ്ഘാടനം ചെയ്യും.