ന്യൂഡല്‍ഹി : രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 543 ലോക്‌സഭ സീറ്റുകളിലേക്കാണ് ഏപ്രില്‍ -മെയ് മാസങ്ങളിലായി രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് (16.03.2024) വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. മൂന്നോ നാലോ ഘട്ടമായി ആയിരിക്കും രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുക. വിശദമായ വിജ്ഞാപനത്തിന് ശേഷമേ ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ വ്യക്തമാകൂ. ഫലപ്രഖ്യാപനം ഒരു ദിവസം തന്നെയാകും (Lok sabha Election 2024).
ഈ അവസരത്തില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പ് ഫലം ഒന്ന് പരിശോധിക്കാം (Lok sabha Election 2019). രാജ്യത്ത് ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ലോക്‌സഭ മണ്ഡലങ്ങളുള്ളത്. 80 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നിലവിലുള്ളത്. ഇതില്‍ 62 സീറ്റുകളിലും 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചത് ബിജെപിയാണ്. പിന്നാലെ പത്ത് സീറ്റുമായി ബിഎസ്‌പിയും അഞ്ച് സീറ്റുമായി എസ്‌പിയുമുണ്ട്. അപ്‌നാ ദള്‍, കോണ്‍ഗ്രസ് എന്നിവയ്ക്ക് ഓരോ സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടാനായത് (Election 2024).
മഹാരാഷ്‌ട്രയാണ് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം. ഇവിടെ 48 സീറ്റുകളിലേക്കാണ് പോരാട്ടം. നിലവില്‍ 23 സീറ്റുകള്‍ ബിജെപിയുടെ കയ്യിലാണ്. പതിനെട്ടു സീറ്റുകള്‍ നേടിയ ശിവസേനയാണ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷി. എന്‍സിപിക്ക് നാല് സീറ്റും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുല്‍ മുസ്‌ലീമീന്‍ (എഐഎംഐഎം) കോണ്‍ഗ്രസ്, സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഓരോ സീറ്റുകളുമാണ് നിലവില്‍ ലോക്‌സഭയിലുള്ളത് (constituencies).
പശ്ചിമബംഗാളാണ് സീറ്റുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. 42 ലോക്‌സഭ സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. നിലവില്‍ ഇതില്‍ ബിജെപി 18 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 22 ലോക്‌സഭാംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ് രണ്ട് ലോക്‌സഭ പ്രതിനിധികള്‍ മാത്രമേ ഉള്ളൂ.
ബിഹാറാണ് ലോക്‌സഭാംഗങ്ങളുടെ എണ്ണത്തില്‍ നാലാമതുള്ള സംസ്ഥാനം. നാല്‍പ്പത് സീറ്റുകളാണ് ബിഹാറില്‍ ആകെയുള്ളത്. ഇതില്‍ പതിനേഴും ബിജെപിയുടെ പക്കലാണ്. ജെഡിയുവിന് പതിനാറും എല്‍ജെപിക്ക് ആറും ലോക്‌സഭാംഗങ്ങളുണ്ട്. കോണ്‍ഗ്രസിന്‍റെ പ്രാതിനിധ്യം ഒന്നാണ്.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള തമിഴ്‌നാടാണ് സീറ്റുകളുടെ എണ്ണത്തില്‍ ദേശീയതലത്തില്‍ അഞ്ചാമത്. 39 ലോക്‌സഭ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഡിഎംകെയ്ക്കാണ് ഏറ്റവും കൂടുതല്‍ ലോക്‌സഭാംഗങ്ങളുള്ളത്. 24 പേര്‍ ഡിഎംകെയില്‍ നിന്ന് ലോക്‌സഭയില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നു. കോണ്‍ഗ്രസിന് എട്ട് ലോക്‌സഭാംഗങ്ങളുണ്ട്. സിപിഐയ്ക്കും സിപിഎമ്മിനും രണ്ട് വീതം പ്രതിനിധികളുണ്ട്. എഡിഎംകെ, ഐയുഎംഎല്‍ വിടുതലൈ ചിരുതെഗള്‍ കക്ഷി (വിസികെ) എന്നീ കക്ഷികള്‍ക്ക് ഓരോ അംഗങ്ങളും ലോക്‌സഭയിലുണ്ട്.
തമിഴ്‌നാടിന് തൊട്ടുപിന്നിലുള്ള മധ്യപ്രദേശില്‍ നിന്ന് 29 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഇതില്‍ 28ഉം നിലവില്‍ ബിജെപിക്ക് സ്വന്തമാണ്. ഒരു സീറ്റില്‍ ഭാരതീയ ജനസമ്പര്‍ക്ക പാര്‍ട്ടി (ബിജെഎസ്എസ്‌പി)യാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
28 ലോക്‌സഭ സീറ്റുകളുമായി കര്‍ണാടക ഏഴാം സ്ഥാനത്തുണ്ട്. ഇതില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളാണ് ബിജെപി വാരിക്കൂട്ടിയത്. ഇക്കുറി ഇതില്‍ മാറ്റമുണ്ടായേക്കാമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസ്, സ്വതന്ത്രന്‍, ജെഡിഎസ് എന്നിവര്‍ ഓരോ സീറ്റുകള്‍ വീതം നേടി.
സീറ്റുകളുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്തുള്ള ഗുജറാത്തിലെ ആകെയുള്ള 26 സീറ്റുകളും നിലവില്‍ ബിജെപിക്ക് സ്വന്തമാണ്. 25 സീറ്റുമായി ആന്ധ്രാപ്രദേശാണ് ഗുജറാത്തിന് പിന്നിലുള്ളത്. 25 ലോക്‌സഭ സീറ്റുകളുള്ള ആന്ധ്രയില്‍ 22 സീറ്റുകളും നിലവില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് സ്വന്തമാണ്. തെലുഗുദേശം പാര്‍ട്ടിയുടെ കയ്യിലാണ് ബാക്കിയുള്ള മൂന്ന് സീറ്റുകള്‍. 25 ലോക്‌സഭ സീറ്റുകളുമായി രാജസ്ഥാനും ആന്ധ്രയ്‌ക്കൊപ്പമുണ്ട്. നിലവില്‍ ഇതില്‍ 24ഉം ബിജെപിയുടെ കയ്യിലാണ്. അവശേഷിക്കുന്ന ഒന്ന് രാഷ്‌ട്രീയ ലോകതാന്ത്രിക് പാര്‍ട്ടി (ആര്‍എല്‍ടിപി) കയ്യടക്കിയിരിക്കുന്നു.
21 സീറ്റുകളുമായി പട്ടികയില്‍ പത്താം സ്ഥാനത്ത് ഒഡിഷയുണ്ട്. ഇതില്‍ 12 സീറ്റും നിലവില്‍ ബിജു ജനതാദള്‍(ബിജെഡി)യുടെ കയ്യിലാണ്. ബിജെപി-8, കോണ്‍ഗ്രസ്-1 എന്നിങ്ങനെയാണ് മറ്റ് കക്ഷി നില.
20 സീറ്റുകളുള്ള കേരളമാണ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ളത്. ഇതില്‍ പതിനഞ്ചും കോണ്‍ഗ്രസ് കയ്യില്‍ വച്ചിരിക്കുകയാണ്. മുസ്ലീം ലീഗ് രണ്ട്, കേരള കോണ്‍ഗ്രസ്, ആര്‍എസ്‌പി, സിപിഎം എന്നീ കക്ഷികള്‍ക്ക് ഓരോ സീറ്റുകളുമുണ്ട്.
പതിനേഴ് സീറ്റുകളുള്ള തെലങ്കാനയാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ഇതില്‍ ഒന്‍പതു സീറ്റും ബിആര്‍എസാണ് (ടിആര്‍എസ്) നിലവില്‍ കയ്യാളുന്നത്. ബിജെപിക്ക് നാല് സീറ്റുകളുണ്ട്. മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസിന്‍റെ കയ്യിലാണ്. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുല്‍ മുസ്‌ലീമീന്‍(എഐഎംഐഎം) ഒരു സീറ്റുണ്ട്.
പതിനാല് സീറ്റുകളുള്ള അസമാണ് തെലങ്കാനയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഇതില്‍ ഒന്‍പതെണ്ണം ബിജെപിയാണ് നിലവില്‍ കയ്യാളുന്നത്. കോണ്‍ഗ്രസ്-3, സ്വതന്ത്രന്‍ 1, എഐയുഡിഎഫ് 1 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില. ജാര്‍ഖണ്ഡിലും 14 ലോക്‌സഭ സീറ്റുകളാണ് ഉള്ളത്. ബിജെപി 11, കോണ്‍ഗ്രസ് 1, ജെ എം എം 1, എജെ എസ് യുപി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
പഞ്ചാബില്‍ ആകെ 13 ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ നിലവില്‍ എട്ടെണ്ണവും കോണ്‍ഗ്രസാണ് സ്വന്തമാക്കിയിട്ടുള്ളത്. ബിജെപി-2, ശിരോമണി അകാലിദള്‍-2, എഎപി-1 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഛത്തീസ്‌ഗഡിലെ പതിനൊന്ന് സീറ്റുകളില്‍ ഒന്‍പതെണ്ണം ബിജെപിയും രണ്ടെണ്ണം കോണ്‍ഗ്രസും സ്വന്തമാക്കി.
ഹരിയാനയില്‍ ആകെയുള്ള 10 ലോക്‌സഭ സീറ്റുകളിലും 2019ല്‍ ബിജെപിയുടെ തേരോട്ടമായിരുന്നു. ആറു സീറ്റുകളുള്ള ജമ്മു കാശ്‌മീരില്‍ ബിജെപി മൂന്നു സീറ്റുകളും നിലവില്‍ സ്വന്തമാക്കിയിരിക്കുകയാണ്. അവശേഷിക്കുന്ന മൂന്നെണ്ണം നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ കയ്യിലും. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റും ബിജെപി സ്വന്തമാക്കി.
ഹിമാചല്‍ പ്രദേശിലെ നാല് ലോക്‌സഭ മണ്ഡലങ്ങളിലും 2019ല്‍ ബിജെപി ആധിപത്യം നേടി. വടക്ക് കിഴക്കേ ഇന്ത്യയിലെ മണിപ്പൂരില്‍ ആകെയുള്ള രണ്ട് സീറ്റുകള്‍ ബിജെപിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും പങ്കിട്ടു. മേഘാലയയിലെ രണ്ട് ലോക്‌സഭ സീറ്റുകളില്‍ കോണ്‍ഗ്രസും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ആധിപത്യം നേടി. ത്രിപുരയിലെ രണ്ട് സീറ്റും ബിജെപി എടുത്തു. ഗോവയിലെ രണ്ട് സീറ്റുകള്‍ ബിജെപിയും കോണ്‍ഗ്രസും പങ്കുവച്ചു.
അരുണാചല്‍ പ്രദേശിലെ രണ്ട് സീറ്റ് ബിജെപി കൈപ്പിടിയിലാക്കി. മിസോറമിലെ ഒരു സീറ്റ് മിസോ നാഷണല്‍ ഫ്രണ്ട്(എംഎന്‍എഫ്) സ്വന്തമാക്കി. സിക്കിമിലെ ഒരു സീറ്റ് സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്കെഎം) സ്വന്തമാക്കി. നാഗാലാന്‍ഡിലെ ഒരു സീറ്റ് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(എന്‍ഡിപിപി) നേടി. ചണ്ഡിഗഢിലെ ഒരു സീറ്റ് ബിജെപിയാണ് നേടിയത്.
കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിലെ ഒരു സീറ്റ് കോണ്‍ഗ്രസ് തന്നെയാണ് 2019ല്‍ നേടിയത്. ദാദ്രനാഗര്‍ഹവേലിയിലെ ഒരു സീറ്റ് സ്വതന്ത്രന്‍ നേടി. ദാമന്‍ ദിയുവിലെ ഒരു സീറ്റ് ബിജെപി എടുത്തു. ലക്ഷദ്വീപിലെ ഒരു സീറ്റ് എന്‍സിപി കയ്യാളി. പുതുച്ചേരിയിലെ ഒരു സീറ്റ് കോണ്‍ഗ്രസാണ് കഴിഞ്ഞ തവണ നേടിയത്. ദേശീയ തലസ്ഥാന മേഖലയായ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപി കൊണ്ടുപോയി.
ഇതേ കക്ഷി നില നിലനിര്‍ത്തുമോ, ഇന്ത്യ മുന്നണിയുെട കീഴിലുള്ള കക്ഷികള്‍ അത്ഭുതം സൃഷ്‌ടിക്കുമോ, മോദി ആത്മവിശ്വാസം പ്രകടിപ്പിക്കും പോലെ എന്‍ഡിഎ സഖ്യം ഇക്കുറി നാനൂറ് കടക്കുമോ?... കൂട്ടലും കിഴിക്കലുകളുമായി അണിയറയില്‍ സജ്ജരാകുകയാണ് ഓരോ കക്ഷികളും. വരും ദിവസങ്ങളിലെ ഓരോ കക്ഷികളുടെയും പ്രകടനമാകും അന്തിമ വിധി നിര്‍ണയിക്കുക. ജനപ്രിയ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍ ഇതിനകം തന്നെ ഒരു മുഴം മുന്നേ എറിഞ്ഞ് കഴിഞ്ഞൂ. ഇത് രാജ്യത്തെ വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. ഇന്ത്യ മുന്നണിയില്‍ ഇനിയും അസ്വാരസ്യങ്ങള്‍ അവസാനിച്ചിട്ടുമില്ല. ഏതായാലും വരും ദിവസങ്ങള്‍ എല്ലാവര്‍ക്കും ഉറക്കമില്ലാത്തത് തന്നെയാകും. കാത്തിരിക്കാം, കണ്ടറിയാം.
- ആന്‍ഡമാന്‍ നിക്കോബര്‍ - സീറ്റ് 1- കോണ്‍ഗ്രസ് 1
- ആന്ധ്ര പ്രദേശ്- സീറ്റ് 25 വൈ എസ് ആര്‍ കോണ്‍ഗ്രസ് 22, തെലുഗുദേശം 3
- അരുണാചല്‍ പ്രദേശ്- സീറ്റ് 2 ബിജെപി 2
- അസം- സീറ്റ് 14, ബിജെപി 9, കോണ്‍ഗ്രസ് 3. സ്വതന്ത്രര്‍ 1, എ ഐയുഡി എഫ് 1
- ബിഹാര്‍ സീറ്റ് 40 ബിജെപി 17, ജെഡിയു 16, കോണ്‍ഗ്രസ് 1, എല്‍ ജെപി 6
- ചണ്ഡിഗഡ്- സീറ്റ് 1 ബിജെപി 1
- ഛത്തിസ്‌ഗഡ്- സീറ്റ് 11 ബിജെപി 9കോണ്‍- 2
- ദാദ്ര നഗര്‍ഹവേലി- 1- സ്വത-1
- ദാമന്‍ദിയു- 1- ബിജെപി 1
- ഗോവ 2- ബിജെപി 1, കോണ്‍-1
- ഗുജറാത്ത് 26- ബിജെപി 26
- ഹരിയാന- 10 ബിജെപി 10
- ഹിമാചല്‍ പ്രദേശ്- 4 ബിജെപി 4
- ജാര്‍ഖണ്ഡ്- 14- ബിജെപി 11, കോണ്‍1,ജെ എം എം1,എജെ എസ് യുപി 1
- ജമ്മു കാശ്‌മീര്‍ 6- ബിജെപി 3, നാഷണല്‍ കോണ്‍ഫറന്‍സ്-3
- കര്‍ണാടക-28- ബിജെപി 25, കോണ്‍ 1 സ്വത-1, ജെഡി എസ് 1
- കേരളം-20, സിപിഎം 1, കോണ്‍ഗ്രസ് -15, മുസ്ലീം ലീഗ് -2, കേരള കോണ്‍ഗ്രസ്(എം)-1, ആര്‍എസ്‌പി -1
- ലക്ഷദ്വീപ്-1, എന്‍സിപി-1
- മധ്യപ്രദേശ്-29, ബിജെപി- 28, ഭാരതീയ ജനസമ്പര്‍ക്ക പാര്‍ട്ടി (ബിജെഎസ്‌പിപി)-1
- മഹാരാഷ്‌ട്ര-48, ബിജെപി-23, ശിവസേന-18, എന്‍സിപി-4, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുല്‍ മുസ്‌ലീമീന്‍(എഐഎംഐഎം)-1, കോണ്‍ഗ്രസ്-1, സ്വതന്ത്രന്‍-1
- മണിപ്പൂര്‍-2, ബിജെപി-1, നാഗാ പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്)-1
- മേഘാലയ-2, കോണ്‍ഗ്രസ് -1, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിഇപി)-1
- മിസോറം-1, മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്)-1
- നാഗാലാന്‍ഡ്-1, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(എന്‍ഡിപിപി)-1
- ഡല്‍ഹി-7, ബിജെപി-7
- ഒഡിഷ-21, ബിജു ജനതാദള്‍(ബിജെഡി)-12, ബിജെപി-8, കോണ്‍ഗ്രസ്-1
- പുതുച്ചേരി-1, കോണ്‍ഗ്രസ്-1
- പഞ്ചാബ്-13, ബിജെപി-2, കോണ്‍ഗ്രസ്-8, ശിരോമണി അകാലിദള്‍-2, എഎപി-1
- രാജസ്ഥാന്‍-25, ബിജെപി-24, രാഷ്‌ട്രീയ ലോകതാന്ത്രിക് പാര്‍ട്ടി(ആര്‍എല്‍ടിപി)-1
- സിക്കിം-1, സിക്കിം ക്രാന്തികാരി മോര്‍ച്ച(എസ്കെഎം)-1
- തമിഴ്‌നാട്-39, എഡിഎംകെ-1,സിപിഐ-2,സിപിഎം-2,ഡിഎംകെ-24, കോണ്‍ഗ്രസ്-8, ഐയുഎംഎല്‍-1, വിടുതലൈ ചിരുതെഗള്‍ കക്ഷി (വിസികെ) -1
- തെലങ്കാന-17, ബിജെപി-4, കോണ്‍ഗ്രസ്-3, ടിആര്‍എസ് (ബിആര്‍എസ്)-9, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുല്‍ മുസ്‌ലീമീന്‍ (എഐഎംഐഎം)-1,
- ത്രിപുര-2, ബിജെപി-2
- ഉത്തര്‍പ്രദേശ്-80, ബിജെപി-62, ബിഎസ്‌പി -10,അപ്‌ന ദള്‍(എഡിഎഎല്‍)-2, കോണ്‍ഗ്രസ്-1, എസ്‌പി-5
- ഉത്തരാഖണ്ഡ്-5, ബിജെപി-5
- പശ്ചിമബംഗാള്‍-42, ബിജെപി -18, തൃണമൂല്‍ കോണ്‍ഗ്രസ്-22, കോണ്‍ഗ്രസ്-2
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് : സിപിഐക്ക് അരിവാളും ധാന്യക്കതിരും ചിഹ്നത്തില്‍ ദേശീയ തലത്തില്‍ മത്സരിക്കാം