ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. പാറ്റ്നയിലാണ് ലോക്‌സഭ തെരഞ്ഞെുപ്പ് പ്രചാരണം തുടങ്ങിയത്. രണ്ട് വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപിയെ പരാജയപ്പെടുത്തണമെന്ന് സഖ്യം ആഹ്വാനം ചെയ്തു. 543 അംഗ ലോക്‌സഭാ സീറ്റുകളില്‍ ഇരുസംസ്ഥാനങ്ങളിലുമായി 120 സീറ്റുകളാണ് ഉള്ളത്(Lok Sabha Election Campaign).
പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഇന്ത്യ സഖ്യത്തിലെ നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ഖാര്‍ഗെ, ആര്‍ജെഡിയില്‍ നിന്നുള്ള ലാലുപ്രസാദ് യാദവ്, തേജസ്വിയാദവ്, സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, സിപിഐ എംഎല്ലിന്‍റെ ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ സംബന്ധിച്ചു( INDIA Allianc).
ബിജെപിയുടെ ഭിന്നപ്പിക്കല്‍-സമ്പന്ന അനുകൂല നിലപാടുകള്‍ പരാജയപ്പെടുത്താന്‍ വേണ്ടി സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ച് പോരാടാന്‍ സഖ്യം ആഹ്വാനം ചെയ്‌തു. ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തി വച്ചാണ് രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ബിഹാര്‍ എങ്ങനെയാണ് രാജ്യത്തെ രാഷ്‌ട്രീയ ഹബ്ബായി മാറിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും 120 സീറ്റുകളും സ്വന്തമാക്കണമെന്നായിരുന്നു അഖിലേഷിന്‍റെ ആഹ്വാനം.
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഏറെ വൈകാരികമായാണ് സംസാരിച്ചത്. ഡല്‍ഹി പിടിക്കണമെന്നും അദ്ദേഹം അനുയായികളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ മാറ്റത്തിന്‍റെ തുടക്കം ബിഹാറില്‍ നിന്നാകട്ടെയെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ചില ശതകോടീശ്വരന്‍മാര്‍ക്ക് വേണ്ടി മാത്രമാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും പാവങ്ങളെ അവര്‍ മറന്ന് പോകുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി( Seat Distribution).
120 സീറ്റുകളിലും ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാമെന്ന് അഖിലേഷ് പറഞ്ഞു. ഒന്നിച്ച് നിന്ന് ബിജെപിയെ കടപുഴക്കാനായിരുന്നു ലാലുപ്രസാദിന്‍റെ ആഹ്വാനം. യുപിയിലെയും ബിഹാറിലെയും ജാതി സമവാക്യങ്ങള്‍ അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കള്‍ യുവാക്കള്‍ക്ക് തൊഴിലും സ്‌ത്രീകള്‍ക്ക് സുരക്ഷയും ഉറപ്പാക്കണമെന്നും ഊന്നിപ്പറഞ്ഞു.
ആര്‍ജെഡി സംഘടിപ്പിച്ച പരിപാടി ഒരു വന്‍ വിജയമായിരുന്നു. പത്ത് ലക്ഷത്തോളം പേര്‍ പങ്കെടുത്തു. സഖ്യകക്ഷി നേതാക്കളുടെ ഒരുമയുടെ വിളംബരം കൂടിയായി ഈ പരിപാടി. അതേസമയം പല വെല്ലുവിളികളും മുന്നണിക്ക് മുന്നില്‍ അവശേഷിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ എസ്‌പിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ച ധാരണയായിട്ടുണ്ട്. എന്നാല്‍ ബിഹാറില്‍ ഇത്തരമൊരു ധാരണ ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും ഇത് തന്നെയാണ് സ്ഥിതി.
ഇതിന് പുറമെ പ്രതിപക്ഷ നേതാക്കള്‍ പലരും കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് എന്നിവയുടെ ഭീഷണി നേരിടുകയാണ്. ഇതിന് പുറമെ ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുമായും പോരാടേണ്ടതുണ്ട്. ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും നേരത്തെ തന്നെ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
നാഷണല്‍ ഹെറാള്‍ഡ് ന്യൂസ്പേപ്പര്‍ കേസില്‍ ഇഡി നേരത്തെ തന്നെ രാഹുലിനെ ചോദ്യം ചെയ്‌ത് കഴിഞ്ഞതാണ്. പഴയ ഒരു ഖനന കേസുമായി ബന്ധപ്പെട്ട് അഖിലേഷിനെ ഇഡി വിളിച്ചിട്ടുണ്ട്. വ്യാജ അഴിമതിക്കേസുകള്‍ കാട്ടി പ്രതിപക്ഷ നേതാക്കളെ വിരട്ടാനുള്ള ബിജെപിയുടെ നീക്കം വിലപ്പോവില്ലെന്നും ഇതിലൊന്നും തങ്ങള്‍ ഭയക്കില്ലെന്നുമാണ് തേജസ്വി യാദവ് പ്രതികരിച്ചത്.
അവര്‍ക്ക് നിയമസഭാ സമാജികരെ വാങ്ങാനായേക്കും. പക്ഷേ വോട്ടര്‍മാരെ വിലക്കെടുക്കാനാകില്ലെന്നും തേജസ്വി ചൂണ്ടിക്കാട്ടി. തങ്ങളുടെ സഹപ്രവര്‍ത്തകരോട് നന്ദി പറയുന്നു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മോശം സമയത്ത് ഒപ്പം നിന്നു. രാഹുലിനും ഇപ്പോള്‍ അഖിലേഷിനും നല്‍കിയിരിക്കുന്ന സമണ്‍സുകള്‍ കൃത്യമായ വേട്ടയാടലുകളാണ്. എന്നാല്‍ നമ്മള്‍ പിന്നാക്കം പോകില്ല. ജനങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടുക തന്നെ ചെയ്യും.
പതിനേഴ് മാസം നീണ്ട ഭരണത്തില്‍ ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് ഇടത് സഖ്യം മൂന്ന് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയെന്നും മുന്‍ ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ ഭരിച്ച കഴിഞ്ഞ പതിനേഴ് കൊല്ലമായി സംസ്ഥാനത്ത് സംഭവിക്കാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ എന്‍ഡിഎയ്ക്ക് ബിഹാറിലെ 40സീറ്റില്‍ 39ഉം നിങ്ങള്‍ നല്‍കി. എന്നാല്‍ അവര്‍ നിങ്ങള്‍ക്ക് എന്താണ് തിരികെ നല്‍കിയതെന്നും തേജസ്വി ജനങ്ങളോട് ചോദിച്ചു.