ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആര് ഭരിക്കണം എന്ന് നിർണയിക്കാനുള്ള, ലോകത്തെ ഏറ്റവും ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാൻ ഇനി കേവലം രണ്ട് ദിവസം മാത്രം ബാക്കി. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം ഏപ്രിൽ 19 ന് നടക്കും. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ, പുതുച്ചേരി അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 1625 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 1490 പേർ പുരുഷന്മാരും 135 പേർ സ്ത്രീകളുമാണ്. 890 സ്ഥാനാർഥികൾ സ്വാതന്ത്രരായാണ് മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസും അടക്കം 194 പാർട്ടികൾ മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിൽ 73ഉം ജനറൽ വിഭാഗത്തിലാണ്. 18 മണ്ഡലങ്ങൾ എസ്‌സി സംവരണമുള്ളതും 11 എണ്ണം എസ്‌ടി സംവരണമുള്ളതുമാണ്.
ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും മണ്ഡലങ്ങളും
- ആൻഡമാൻ നിക്കോബാർ
- അരുണാചൽ പ്രദേശ്- അരുണാചൽ പ്രദേശ് ഈസ്‌റ്റ്, അരുണാചൽ പ്രദേശ് വെസ്‌റ്റ്
- അസം- ദിബ്രുഗഡ്, ജോർഹട്ട്, കാസിരംഗ, ലഖിംപൂർ, സോനിത്പൂർ
- ബിഹാർ- ഔറംഗബാദ്, ഗയ, ജാമുയി, നവാഡ
- ജമ്മു കശ്‌മീർ- ഉധംപൂർ
- ഛത്തീസ്‌ഗഡ്- ബസ്‌തർ
- ലക്ഷദ്വീപ്- ലക്ഷദ്വീപ്
- മധ്യപ്രദേശ്- ചിന്ദ്വാര, ബാലാഘട്ട്, ജബൽപൂർ, മണ്ഡല, സിദ്ധി, ഷാഹ്ദോൾ
- മഹാരാഷ്ട്ര- ചന്ദ്രപൂർ, ഭണ്ഡാര - ഗോണ്ടിയ, ഗഡ്‌ചിരോളി - ചിമൂർ, രാംടെക്, നാഗ്‌പൂർ
- മണിപ്പൂർ- ഇന്നര്‍ മണിപ്പൂർ, ഔട്ടർ മണിപ്പൂർ
- രാജസ്ഥാൻ- ഗംഗാനഗർ, ബിക്കാനീർ, ചുരു, ജുൻജുനു, സിക്കാർ, ജയ്‌പൂർ റൂറൽ, ജയ്‌പൂർ, അൽവാർ, ഭരത്പൂർ, കരൗലി-ധോൾപൂർ, ദൗസ, നാഗൗർ
- മേഘാലയ- ഷില്ലോങ്, തുറ
- മിസോറാം- മിസോറാം
- നാഗാലാൻഡ്- നാഗാലാൻഡ്
- പുതുച്ചേരി- പുതുച്ചേരി
- സിക്കിം- സിക്കിം
- തമിഴ്‌നാട്- തിരുവള്ളൂർ, ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ, ശ്രീപെരുമ്പത്തൂർ, കാഞ്ചീപുരം, ആരക്കോണം, വെല്ലൂർ, കൃഷ്‌ണഗിരി, ധർമപുരി, തിരുവണ്ണാമലൈ, ആറണി, വിഴുപ്പുരം, കള്ളക്കുറിച്ചി, സേലം, നാമക്കൽ, ഈറോഡ്, തിരുപ്പൂർ, നീലഗിരി, കോയമ്പത്തൂർ, പൊള്ളാച്ചി, ദിണ്ടിഗൽ, കരൂർ, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂർ, കടലൂർ, ചിദംബരം, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, ശിവഗംഗ, മധുര, തേനി, വിരുദുനഗർ, രാമനാഥപുരം, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി
- ത്രിപുര- ത്രിപുര വെസ്‌റ്റ്
- ഉത്തരാഖണ്ഡ്- തെഹ്‌രി ഗർവാൾ, ഗർവാൾ, അൽമോറ, നൈനിറ്റാൾ- ഉദംസിങ് നഗർ, ഹരിദ്വാർ
- പശ്ചിമ ബംഗാൾ- കൂച്ച്ബെഹാർ, അലിപുർദുവാർസ്, ജൽപായ്‌ഗുരി
- ഉത്തർപ്രദേശ്- സഹാറൻപൂർ, കൈരാന, മുസാഫർനഗർ, ബിജ്‌നോർ, നാഗിന, മൊറാദാബാദ്, രാംപൂർ, പിലിഭിത്
ഈ സംസ്‌ഥാനങ്ങളില്‍ ഇന്ന് വൈകിട്ടോടെ പരസ്യ പ്രചാരണം അവസാനിക്കും. പിന്നീട് നിശബ്‌ദ പ്രചാരണത്തിന്‍റെ സമയമാണ്. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രചാരണങ്ങൾ നിരോധിച്ചിരിക്കുന്നു. പൊതുയോഗങ്ങൾ, പ്രസംഗങ്ങൾ, അഭിമുഖങ്ങൾ, പ്രിൻ്റ്, ഇലക്‌ട്രോണിക് മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ എന്നിവ വഴി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രദർശിപ്പിക്കല്‍ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
വോട്ടർമാരെ സ്വാധീനത്തിന് വിധേയരാക്കാതെ, അവര്‍ക്ക് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ശാന്തവും സമാധാനപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് നിശബ്‌ദ പ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂർ മുൻപാണ് നിശബ്‌ദ പ്രചാരണം ആരംഭിക്കുക.
നിശബ്‌ദ പ്രചാരണ സമയവുമായി ബന്ധപ്പെട്ട നിബന്ധനകൾ ഇവ
- ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് നിശബ്‌ദ പ്രചാരണം നിലവിൽവരും.
- നിശബ്‌ദ പ്രചാരണ കാലയളവിൽ, എല്ലാ തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിരോധിച്ചിരിക്കുന്നു. റാലികൾ, പ്രസംഗങ്ങൾ, പൊതുയോഗങ്ങൾ, ക്യാൻവാസിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- ഈ കാലയളവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, അഭിമുഖങ്ങൾ അല്ലെങ്കിൽ സംവാദങ്ങൾ പോലെയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് വിലക്കുണ്ട്.
- പ്രചാരണത്തിനുള്ള വിലക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമുണ്ട്. ഈ കാലയളവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ഉള്ളടക്കങ്ങൾ പോസ്‌റ്റ് ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും അനുവാദമില്ല.
- ലഘുലേഖകൾ, പോസ്‌റ്ററുകൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും അച്ചടിച്ച വസ്‌തുക്കൾ എന്നിവയുടെ വിതരണം അനുവദനീയമല്ല.
- ഈ കാലയളവിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട നിർദ്ദിഷ്‌ട പ്രഖ്യാപനങ്ങൾക്കോ പോളിങ് ക്രമീകരണങ്ങളിലെ മാറ്റങ്ങൾക്കോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ അനുവദിച്ചേക്കാം.
- നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ട്. ചട്ടലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകും.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങൾ
അസമിലെ ദിബ്രുഗഡ്, സോണിത്പൂർ, ബീഹാറിലെ ജാമുയി, ഛത്തീസ്‌ഗഡിലെ ബസ്‌തർ, ജമ്മു കശ്‌മീരിലെ ഉധംപൂർ, മധ്യപ്രദേശിലെ ചിന്ദ്വാര, ഇന്നർ മണിപ്പൂർ, ഔട്ടർ മണിപ്പൂർ, പുതുച്ചേരി, രാജസ്ഥാനിലെ ബിക്കാനീർ, ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, ഉത്തർപ്രദേശിലെ മുസാഫർനഗർ, പിലിഭിത്ത്, പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹാർ, അലിപുർദുവാർസ് എന്നിവയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ.
ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ
ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖരായ നിരവധി സ്ഥാനാർഥികൾ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. കെ അണ്ണാമലൈ (കോയമ്പത്തൂർ), എൽ മുരുകൻ (നീലഗിരി), തമിഴിസൈ സൗന്ദരരാജൻ ( ചെന്നൈ സൗത്ത്), പൊൻ രാധാകൃഷ്‌ണൻ (കന്യാകുമാരി), കനിമൊഴി കരുണാനിധി (തൂത്തുക്കുടി), ജിതേന്ദ്ര സിങ് (ഉധംപൂർ), ചിരാഗ് പാസ്വാൻ (ജാമുയി), നകുൽ നാഥ് (ചിന്ദ്വാര), വി വൈത്തിലിംഗം (പുതുച്ചേരി), ഹരേന്ദ്ര സിങ് മാലിക് (മുസാഫർനഗർ), സഞ്ജീവ് ബല്യാൻ (മുസാഫർനഗർ), ജിതിൻ പ്രസാദ (പിലിഭിത്ത്), മനോജ് തിഗ്ഗ (അലിപുർദുവാർസ്), നിസ്പുർദുവാർസ്), (കൂച്ച്ബെഹാർ) എന്നിവരാണ് അവരില്‍ ചിലര്‍.
Also Read:
- ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് തന്നെ വോട്ടു ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
- ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: സ്ഥാനാര്‍ത്ഥികള്‍ക്കായി അങ്കംവെട്ടാൻ സോഷ്യല്‍ മീഡിയ വാര്‍ റൂം സജീവം
- സ്ഥാനാര്‍ഥിയുടെ വിവരങ്ങൾ വിശദമായി അറിയാം; കെവൈസി ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ