ഇംഫാൽ (മണിപ്പൂർ): ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ആറ് പോളിങ് സ്റ്റേഷനുകളില്‍ റീ പോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ച ശേഷമാണ് നടപടി. ഈ സാഹചര്യത്തില്‍ റീ പോളിങ് ഏപ്രില്‍ 30ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം.
1951 ലെ ജനപ്രാതിനിധ്യ നിയമം 58(2), 58A(2) വകുപ്പുകൾ പ്രകാരം 2024 ഏപ്രിൽ 26ന് ലിസ്‌റ്റ് ചെയ്‌ത ആറ് പോളിങ് സ്‌റ്റേഷനുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ളത്. രാവിലെ ഏഴിന് ആരംഭിച്ച് വൈകുന്നേരം നാലിന് അവസാനിക്കുന്ന രീതിയിലാണ് റീ പോളിങ്ങിന്‍റെ സമയക്രമീകരണം.
റീ പോളിങ് നടക്കുന്ന പോളിങ് സ്‌റ്റേഷനുകളിലെ വോട്ടർമാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനായി ഉറപ്പായും പോളിങ് സ്‌റ്റേഷനിൽ എത്തണമെന്ന് ചീഫ് ഇലക്‌ടറൽ ഓഫിസർ പ്രദീപ് കുമാർ ഝാ അഭ്യർഥിച്ചു. ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 19നായിരുന്നു മണിപ്പൂരില്‍ വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ ഒന്നിലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെത്തുടർന്ന്, ഇന്നര്‍ മണിപ്പൂരിലെ 11 പോളിങ് സ്‌റ്റേഷനുകളിൽ ഏപ്രിൽ 22 ന് റീപോളിങ് നടന്നിരുന്നു.
Also Read : മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്ന യുഎസ് റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം - MEA Rejects US REPORT