ന്യൂഡല്‍ഹി : പാർലമെന്‍റിലെയും സംസ്ഥാന അസംബ്ലിയിലെയും വോട്ടിനോ പ്രസംഗത്തിനോ കൈക്കൂലി വാങ്ങുന്ന എംപിക്കോ എംഎൽഎക്കോ വിചാരണയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സുപ്രീം കോടതി. പാർലമെന്‍റേറിയന് സംരക്ഷണം അവകാശപ്പെടുന്ന 1998 ലെ വിധി റദ്ദാക്കിയതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് വിധിച്ചു.
നിയമസഭാ സാമാജികർ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങിയാല്‍ സംരക്ഷണം നല്‍കുന്ന വിധി 1998 ലെ നരംസിംഹറാവും VS സിബിഐ എന്ന കേസിലാണ് ഉണ്ടാകുന്നത്. ഭരണഘടനയുടെ 105(2),194(2) അനുച്ഛേദം പ്രകാരം സമാജികര്‍ക്ക് സഭയില്‍ പരിരക്ഷയുണ്ടെന്നും വിചാരണ ചെയ്യാനാവില്ലെന്നുമാണ് 3–2 ഭൂരിപക്ഷത്തോടെയുള്ള 98ലെ വിധി. എന്നാല്‍ ഈ വിധി ഗുരുതരമായ അപകടമാണെന്നും അതിനാൽ അസാധുവാക്കുന്നു എന്നും സുപ്രീം കോടതി പറഞ്ഞു.
നിയമസഭാംഗത്തിന്‍റെ അഴിമതി പൊതുജീവിതത്തോടുള്ള പ്രതിബദ്ധത ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി കൈക്കൂലി വാങ്ങുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പറഞ്ഞു. നിയമസഭാംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ പ്രവർത്തനത്തെ തകർക്കുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2012 ലെ രാജ്യസഭാ കോഴക്കേസിന്‍റെ വിചാരണയില്‍ നിന്ന് 1998ലെ വിധി പരിഗണിച്ച് ഒഴിവാക്കണമെന്ന ജെഎംഎം നേതാവ് സീത സോറന്‍റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.