പട്‌ന: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്‌ച (30-01-2024) ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്‌തു (18 Hours Of Grilling for Tejashwi). ഒമ്പത് മണിക്കൂറിനുള്ളിൽ 60 ചോദ്യങ്ങളാണ് തേജസ്വി യാദവ് നേരിട്ടത്. 2017 ല്‍ തേജസ്വി യാദവിന്‍റെ മാതാവും സമാനാവസ്ഥ നേരിട്ടിട്ടുണ്ട്. ഇതേ ഏജൻസിയുടെ 50 ചോദ്യങ്ങളാണ് അമ്മ റാബ്‌റി ദേവി നേരിട്ടത്. ആറ് വർഷം മുമ്പ് റെയിൽവേ ഹോട്ടലുകൾ സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) അവരെ ചോദ്യം ചെയ്‌തത്.
മഹാഗഡ്‌ബന്ധന്‍റെ പതനം ബിഹാറിലെ രാഷ്‌ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ചു. അധികാരമാറ്റം ലാലു പ്രസാദ്, തേജസ്വി യാദവ്, റാബ്‌റി ദേവി, മിസ ഭാരതി എന്നിവർക്ക്, വിവിധ കേസുകളില്‍ അന്വേഷണം ശക്തിപ്പെടുത്തുന്ന ദുരിതവും സമ്മാനിച്ചു. എട്ട് മണിക്കൂറിലേറെ 60 ചോദ്യങ്ങളാണ് ഇഡി തേജസ്വി യാദവിനോട് ചോദിച്ചത്.
ഇതേ കേസിൽ പിതാവ് ലാലു പ്രസാദ് യാദവിനെ കേന്ദ്ര ഏജൻസി തിങ്കളാഴ്‌ച (29-01-2024) ചോദ്യം ചെയ്‌തിരുന്നു. നിതീഷ് കുമാർ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) വിട്ട് വീണ്ടും എൻഡിഎയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ്, ഇ ഡി ലാലു കുടുംബത്തെ വേട്ടയാടാൻ തുടങ്ങിയത്. ഇ ഡി ലാലു പ്രസാദിനെ വിളിച്ചുവരുത്തി 10 മണിക്കൂറാണ് ചോദ്യം ചെയ്‌തത്.
തേജസ്വിയോട് ചോദിച്ച ചോദ്യങ്ങളിൽ പലതും അദ്ദേഹത്തിന്‍റെ ഡൽഹിയിലെയും പട്‌നയിലെയും സ്വത്ത്, സ്വകാര്യ കമ്പനിയിലെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിൽ തേജസ്വി അറിവില്ലായ്‌മ ഏറ്റുപറഞ്ഞു. ചോദ്യം ചെയ്യലിനിടെ വിശ്രമിക്കാൻ ഇഡി സംഘം തേജസ്വിയോട് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
തേജസ്വി യാദവിന്‍റെ ഇപ്പോഴത്തെ വരുമാനത്തിന്‍റെ സ്രോതസിനെക്കുറിച്ചും ഇ ഡി ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്‍റെ മാസവരുമാനത്തെക്കുറിച്ചും, പ്രായപൂർത്തിയാകാത്തപ്പോൾ തന്നെ സ്വകാര്യ കമ്പനിയായ M/s AB എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബോർഡിൽ എങ്ങനെ ഡയറക്‌ടറായി എന്നതും ഇഡി ആരാഞ്ഞിരുന്നു.
കമ്പനിയുടെ പ്രവർത്തനരീതിയെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ചോദിച്ചു. 4 കോടി വാർഷിക വിറ്റുവരവുള്ള ഒരു കമ്പനിക്ക് ഡൽഹിയിലെ ഫ്രണ്ട്സ് കോളനി പോലുള്ള മികച്ച സ്ഥലത്ത് എങ്ങനെ ഓഫീസ് സ്ഥാപിക്കാൻ കഴിയുമെന്നതടക്കമാണ് അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്. ആരിൽ നിന്നാണ് ബംഗ്ലാവ് വാങ്ങിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് യാദവ് നേരിട്ടത്. ഇപ്പോൾ 160 കോടി രൂപയിലധികം വിലയുള്ള ബംഗ്ലാവ് വാങ്ങാൻ പണം നൽകിയത് ആരാണെന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചു.
അന്വേഷണ ഏജൻസിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ലാലുവിന്‍റെ മകളും ആർജെഡി എം പിയുമായ മിസ ഭാരതി പറഞ്ഞു. 'അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ നിരപരാധികളാണ്, തെറ്റൊന്നും ചെയ്‌തിട്ടില്ല. ഒരു വർഷം മുമ്പാണ് പിതാവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടന്നത്. അദ്ദേഹത്തെ 10 മണിക്കൂർ ചോദ്യം ചെയ്യുന്നത് മനുഷ്യത്വരഹിതമാണെന്നും ആർജെഡിയുടെ രാജ്യസഭ എംപിയായ മിസ ഭാരതി ഇടിവി ഭാരതിനോട് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പ്രതിപക്ഷ നേതാക്കളെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ലക്ഷ്യമിട്ടിരിക്കുകയാണ്. ബിഹാറിലും ജാർഖണ്ഡിലും ഇഡി സംഘം പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാര്‍ പക്ഷം മാറിയതിൽ ഞങ്ങൾക്ക് ദുഃഖമില്ല. അദ്ദേഹത്തിന്‍റെ പാർട്ടി മാറ്റം ബിഹാറിലെ വികസനത്തിന്‍റെ വേഗത സ്‌തംഭിപ്പിച്ചതിൽ ഞങ്ങൾ ആശങ്കാകുലരാണ്.
പിതാവിനെതിരായ അന്വേഷണ ഏജൻസിയുടെ നടപടികൾ, കേന്ദ്രസർക്കാരിന് അദ്ദേഹത്തോടുള്ള ഭയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഭാരതി പറഞ്ഞു. അച്‌ഛന് (ലാലു പ്രസാദ് യാദവ്) സ്വയം ഭക്ഷണം കഴിക്കാൻ കഴിയില്ല, ആരെങ്കിലും അദ്ദേഹത്തിന് ഭക്ഷണം നൽകേണ്ടിവരും. അദ്ദേഹം കഴിച്ചോ ഇല്ലയോ എന്ന് ഞങ്ങൾക്കറിയില്ല. ഒരു ED ഉദ്യോഗസ്ഥനും സംസാരിക്കാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പ്രധാനമന്ത്രി ഭയപ്പെടുകയാണ്. അതിനാലാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഈ സർക്കാരിന് എന്‍റെ അച്‌ഛനെ അറസ്റ്റ് ചെയ്യാൻ കഴിയും. എന്നാൽ രോഗിയായ ഒരാളെ അറസ്‌റ്റ് ചെയ്‌താൽ അവർക്ക് എന്താണ് ലഭിക്കുക എന്നും മിസ ചോദിച്ചു.