തിരുവനന്തപുരം : കെഎസ്ആർടിസിക്ക് ഇന്ന് 59-ാം പിറന്നാൾ. കേരള സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സർക്കാർ പൊതു ബസ് ഗതാഗത സേവനങ്ങളിൽ ഒന്നാണ് കെഎസ്ആർടിസി. 1950 ലാണ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ നിയമം നിലവിൽ വരുന്നത്.
ഇതിന് ശേഷം 1965 മാർച്ച് 15നാണ് കേരള സർക്കാർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (KSRTC) സ്ഥാപിക്കുന്നത്. ഗതാഗത വകുപ്പ് 1965 ഏപ്രിൽ 1ന് സ്വയംഭരണ കോർപറേഷനായി മാറി. അത്തരത്തിൽ കേരള ജനതയുടെ പൊതു ഗതാഗതത്തിന്‍റെ നട്ടെല്ലായ കെഎസ്ആർടിസിക്ക് ഇന്നാണ് പിറന്നാൾ. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പിറന്നാൾ കുറിപ്പും കെഎസ്ആർടിസി പങ്കുവച്ചു.
അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുത്തൻ പരിഷ്കാരങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് കെഎസ്ആർടിസി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ചുമതല ഏറ്റെടുത്ത ശേഷം നടപ്പിലാക്കിയ ആദ്യ ആശയമായ റൂട്ട് റാഷണലൈസേഷൻ വിജയകരമായി പുരോഗമിക്കുകയാണ്.
വെറും 14 ദിവസത്തിനുള്ളിൽ കേരളത്തിലെ എല്ലാ യൂണിറ്റുകളിലും സി എം ഡിയും എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് റൂട്ട് റാഷണലൈസേഷൻ മിന്നൽ വേഗത്തിൽ നടപ്പിലാക്കി. 4,38,36,500 രൂപയാണ് കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാൻ കഴിഞ്ഞത്.
ഓർഡിനറി സർവീസുകളിൽ നടപ്പിലാക്കി വൻവിജയമായ ഈ പദ്ധതി സൂപ്പർ ഫാസ്‌റ്റ് മുതൽ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളിൽ കൂടി സമയബന്ധിതമായി നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. അതിലൂടെ കെഎസ്ആർടിസിയുടെ വരുമാനത്തിന്‍റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ ഭീമമായ നഷ്‌ടം ഒഴിവാക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു.