ന്യൂഡല്‍ഹി: ബലാത്സംഗകരെ ഷണ്ഡീകരിക്കണമെന്ന നിര്‍ദേശവുമായി ജനതാദള്‍ (യുണൈറ്റഡ്) നേതാവ് കെസി ത്യാഗി. കൊല്‍ക്കത്തയിലെ യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകമുയര്‍ത്തിയ കൊടുങ്കാറ്റില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യമെമ്പാടും ചൂട് പിടിച്ചിരിക്കുന്ന വേളയിലാണ് ത്യാഗിയുടെ പ്രതികരണം. ബലാത്സംഗ കേസുകളില്‍ ഒരു മാസത്തിനകം നീതി ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇത്തരം സംഭവങ്ങളില്‍ പ്രതികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്നും പിടിഐ എഡിറ്റര്‍മാരുമായുള്ള സംവാദത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഒരു സ്‌ത്രീയുടെ താത്‌പര്യത്തിന് വിരുദ്ധമായി കടന്ന് കയറ്റം നടത്തുന്നത് പോലെ ഹീനകൃത്യം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള കടുത്ത ശിക്ഷകള്‍ നല്‍കുന്നതിലൂടെ ജീവിതാവസാനം വരെ തങ്ങള്‍ ചെയ്‌ത കുറ്റകൃത്യത്തെക്കുറിച്ച് അവരെ ഇത് ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കും.
ഇത്തരം ശിക്ഷകള്‍ നല്‍കുന്നതിലൂടെ മറ്റുള്ളവര്‍ക്കും ഇതേ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ധൈര്യം ഉണ്ടാകില്ലെന്നും കെസി ത്യാഗി പറഞ്ഞു. തന്‍റെ ആവശ്യം സ്‌ത്രീപക്ഷമാണെന്നായിരുന്നു ഇതേക്കുറിച്ച് ഉണ്ടാകാനിടയുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം. പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് അടുത്തിടെ ത്യാഗി പടിയിറങ്ങിയിരുന്നു. എന്നാല്‍ ഉപദേശകനായി അദ്ദേഹം തുടരുകയാണ്.
ബലാത്സംഗ കേസുകള്‍ സമയബന്ധിതമായി വിചാരണ ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നീതിക്കായി വര്‍ഷങ്ങളോളം അലയേണ്ടി വരരുത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് നല്‍കണം. ബലാത്സംഗ കേസുകളില്‍ വനിത പൊലീസുകാരും ഡോക്‌ടര്‍മാരും ജഡ്‌ജിമാരുമാകണം ഇടപെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. എങ്കിലും കഴിഞ്ഞ ദിവസം നിയസഭ പാസാക്കിയ ബലാത്സംഗ വിരുദ്ധ ബില്ലിനെ താന്‍ പിന്തുണയ്ക്കുന്നു. ബലാത്സംഗ കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് നിര്‍ദ്ദിഷ്‌ട നിയമം. ഇതിന് പുറമെ തടവ് കാലത്ത് പരോളും നിഷേധിക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നാണ് പുതിയ ബില്‍ പാസാക്കിയത്. ഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെ ആയിരുന്നു ഈ നടപടി എന്നതും ശ്രദ്ധേയമായി. കഴിഞ്ഞ മാസം ഒന്‍പതിനാണ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടര്‍ ബലാത്സംഗക്കൊലയ്ക്ക് ഇരയായത്.
സഭയിലെ മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ കൂടി പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. പൊതുജനപ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരമൊരു ബില്ലുമായി എത്തിയിരിക്കുന്നതെന്ന ആക്ഷേപം പക്ഷേ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉയര്‍ത്തിയിരുന്നു.
Also Read: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊല: സുപ്രീം കോടതിയില്‍ നാളെ വാദം, സര്‍ക്കാരിന് നിര്‍ണായകം