കൊല്‍ക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നടത്തി വന്ന പണിമുടക്ക് പ്രക്ഷോഭം ഭാഗികമായി പിന്‍വലിച്ചു. വിവിധ മെഡിക്കല്‍ കോളജുകളിലെയും ആശുപത്രികളിലെയും അടിയന്തര വിഭാഗങ്ങളില്‍ നാളെ മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ഇവര്‍ അറിയിച്ചു.
സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് ശേഷം ഉടലെടുത്തിട്ടുള്ള ആരോഗ്യ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പുകളിലും സേവനത്തിനെത്തുമെന്ന് ജൂനിയര്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചു. അതേസമയം നീതിക്കായുള്ള തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. സ്വാസ്ഥ്യഭവന് മുന്നിലുള്ള കുത്തിയിരുപ്പ് സമരം ഇന്ന് കൊണ്ട് അവസാനിപ്പിക്കുകയാണെന്നും ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി. പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിനായി ഒരാഴ്‌ചത്തെ സമയം നല്‍കുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
അതേസമയം ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളിലും ക്യാമ്പുകളിലുമല്ലാതെ മറ്റൊരിടത്തും തങ്ങള്‍ സേവനത്തിനെത്തില്ലെന്നും ജൂനിയര്‍ ഡോക്‌ടര്‍മാരുടെ സംഘടന പ്രതിനിധി ഡോ. അങ്കിത് മഹാതോ വ്യക്തമാക്കി. സ്വാസ്ഥ്യ ഭവനില്‍ നിന്ന് സിബിഐ ഓഫിസിലേക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു റാലിയും സംഘടിപ്പിക്കുന്നുണ്ട്. ബലാത്സംഗക്കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം എത്രയും പെട്ടെന്ന് കൃത്യമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി നടത്തുക. ഇരയ്ക്ക് സിബിഐ നീതി ഉറപ്പാക്കണം. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അങ്കിത് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സുരക്ഷ ഓഡിറ്റുകള്‍ നടത്തുമെന്ന് ചീഫ് സെക്രട്ടറി മനോജ് പന്ത് അറിയിച്ചു. ഇതിനായി സംസ്ഥാന മുന്‍ പൊലീസ് മേധാവി സുരജിത് കാര്‍ പുരകയസ്‌തയെ മേധാവിയായി നിയമിച്ചു. ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗത്തിന് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്.
സംസ്ഥാന ആഭ്യന്തര വകുപ്പുമായി കൂടിയാലോചിച്ച് ആശുപത്രികളില്‍ പൊലീസ് -സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. വനിതകള്‍ അടക്കമുള്ള സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുള്ള തസ്‌തികകളില്‍ അടിയന്തര നിയമനം നടത്തും. രോഗികളും ജീവനക്കാരും അടക്കമുള്ള പരാതികള്‍ പരിഹരിക്കാനായി പരാതി പരിഹാര സെല്ലിനും രൂപം നല്‍കും.
ആശുപത്രികളില്‍ ആവശ്യത്തിന് ഡ്യൂട്ടി മുറികളും ശുചിമുറികളും സജ്ജമാക്കും. സിസിടിവി ക്യാമറകളും സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ഉറപ്പാക്കും. ഇതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തികരീക്കുമെന്നും ചീഫ് സെക്രട്ടറി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഒരു കേന്ദ്രീകൃത ഹെല്‍പ്പ് ലൈന്‍ നമ്പരും സജ്ജമാക്കും.
Also Read: ആര്‍ജി കര്‍ ബലാത്സംഗ കൊല; ജൂനിയര്‍ ഡോക്‌ടര്‍മാര്‍ക്കുവേണ്ടി ഇന്ദിര ജയ്‌സിങ് സുപ്രീം കോടതിയിലേക്ക്