ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ നാണംകെടുത്തിയെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്ന് പറയാറുണ്ടായിരുന്ന ബിജെപിയുടെ ധാർഷ്‌ട്യം 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തകർന്നതായും ഖാര്‍ഗെ പറഞ്ഞു.
രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ പ്രസംഗത്തിലുള്ള ചർച്ചാ വേളയിലാണ് ഖാർഗെയുടെ വിമര്‍ശനം. സമ്പത്തിന്‍റെ പുനർവിതരണം, മംഗൾസൂത്ര, സംവരണം, മുജ്‌റ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനെതിരെ ലോക്‌സഭ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങളിലും ഖാർഗെ ആഞ്ഞടിച്ചു.
പ്രധാനമന്ത്രി മോദിയുടെ 'ഏക് അകേല സബ് പേ ഭാരിട' (എല്ലാവരെക്കാളും പ്രധാനപ്പെട്ടത് ആ ഒരാളാണ്) എന്ന പരാമർശത്തെ പരിഹസിച്ച അദ്ദേഹം 'ഏക് അകേല പർ ആജ് കിത്‌നെ ലോഗ് ഭാരീ ഹേ, എലക്‌ഷന്‍ നേ ദിഖാ ദിയാ കി ദേശ് കാ സംവിധാൻ ഔർ ജനതാ സബ് പർ ഭാരീ ഹേ' (ഭരണഘടനയും പൊതു സമൂഹവുമാണ് എല്ലാറ്റിനും മേൽ തൂക്കം നിൽക്കുന്നത് എന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു) എന്ന് തിരിച്ചടിച്ചു.
പേപ്പർ ചോർച്ച ആയിരക്കണക്കിന് നീറ്റ് ഉദ്യോഗാർത്ഥികളെ ബാധിച്ചതായി ഖാര്‍ഗെ പറഞ്ഞു. പേപ്പർ ചോർച്ച ആദ്യം നിഷേധിച്ച സർക്കാർ പിന്നീട് വ്യക്തത വരുത്തുകയും ക്രമക്കേടുകൾ നടന്നതായി അംഗീകരിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഗ്നിപഥ് പദ്ധതി നിർത്തലാക്കാനും ഖാര്‍ഗെ ആവശ്യപ്പെട്ടു.
'നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് പ്രസിഡന്‍റ് പറഞ്ഞത്. എന്നാൽ ആ വാക്കുകൾ കേവലം വാക്കുകള്‍ മാത്രമായി ഒതുങ്ങി, പ്രവൃത്തിയിലുണ്ടായില്ല.'- അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകൾ മാറ്റി സ്ഥാപിച്ചതിനെയും ഖാര്‍ഗെ ലോക്‌സഭയില്‍ ചോദ്യം ചെയ്‌തു.
പ്രതിമകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ യോഗമോ മുൻകൂർ കൂടിയാലോചനയോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകാധിപത്യ ഭരണം പോലെയാണ് ഇത് ചെയ്‌തത് എന്നും ഖാര്‍ഗെ വിമര്‍ശിച്ചു. വിഷയം പ്രതിപക്ഷ നേതാവും അംഗങ്ങളും ഹൗസ് ചെയർമാനുമടങ്ങിയ സമിതിയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ചര്‍ച്ച കൃത്യമായും ചിട്ടയായും നടത്തിയിരുന്നു എന്നും വിമർശനത്തിന് വേണ്ടി മാത്രം ആരോപണങ്ങള്‍ പാടില്ലെന്നും രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധന്‍കർ പറഞ്ഞു. അംഗങ്ങൾ പുതിയ സ്ഥലം സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രിയും ഖാർഗെയുടെ വിമർശനത്തെ എതിർത്തു. പ്രതിമകൾ ഒരു സ്ഥലത്തേക്ക് അലക്ഷ്യമായി മാറ്റിയതല്ലെന്നും ശരിയായ ബഹുമാനത്തോടെ മാറ്റി ഉചിതമായ ഇടം നൽകുകയാണ് ചെയ്‌തത് എന്നും അദ്ദേഹം വ്യക്തമാക്കി.