ന്യൂഡൽഹി: ബിജെപി അടിച്ചേൽപ്പിക്കുന്ന തൊഴിലില്ലായ്‌മയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയരുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് നമ്മുടെ യുവാക്കളുടെ ഹൃദയത്തിൽ ഒരു ദുസ്വപ്‌നമായി അലയടിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഖാര്‍ഗെയുടെ പ്രതികരണം.
'ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രശ്‌നം ബിജെപി അടിച്ചേൽപ്പിച്ച തൊഴിലില്ലായ്‌മയാണ്. നമ്മുടെ യുവാക്കൾ ജോലി കണ്ടെത്താൻ പാടുപെടുകയാണ്. ഒരു പേടിസ്വപ്‌നത്തിലേക്കാണ് നമ്മള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കാര്യമെടുക്കാം- ഐഐടികളില്‍ പഠിച്ചിറങ്ങുന്ന 30% വിദ്യാർത്ഥികൾക്ക് സ്ഥിരമായ പ്ലെയ്‌സ്‌മെന്‍റ് ലഭിക്കുന്നില്ല. ഐഐഎമ്മുകളിൽ പഠിച്ചിറങ്ങുന്ന 20% പേർക്ക് മാത്രമാണ് ഇതുവരെ സമ്മർ പ്ലെയ്‌സ്‌മെന്‍റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. ഐഐടികളിലെയും ഐഐഎമ്മുകളിലെയും സ്ഥിതി ഇതാണെങ്കിൽ രാജ്യത്തുടനീളമുള്ള യുവാക്കളുടെ ഭാവി ബിജെപി നശിപ്പിച്ചതെങ്ങനെയെന്ന് ഊഹിക്കാവുന്നതേയുള്ളൂ'- ഖാർഗെ കുറിച്ചു.
'മോദി സർക്കാരിന് കീഴില്‍, 2014 മുതൽ യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്ക് മൂന്നിരട്ടിയായി. ഓരോ വർഷവും ഇന്ത്യ 70-80 ലക്ഷം യുവാക്കളെ തൊഴിൽ മേഖലയിലേക്ക് ചേർക്കുന്നുണ്ടെന്ന് ഐഎൽഒയുടെ സമീപകാല ഇന്ത്യൻ എംപ്ലോയ്‌മെന്‍റ് റിപ്പോർട്ട് പറയുന്നു. എന്നാൽ 2012 നും 2019 നും ഇടയിൽ പൂജ്യം തൊഴിൽ വളർച്ചയാണ് ഉണ്ടായത്, വെറും 0.01%!'- അദ്ദേഹം പറഞ്ഞു.
2 കോടി തൊഴിലവസരങ്ങൾ നൽകുന്ന മോദിയുടെ ഗ്യാരണ്ടി നമ്മുടെ യുവാക്കളുടെ ഹൃദയത്തിലും മനസിലും ഒരു ദുസ്വപ്നമായി പ്രതിധ്വനിക്കുകയാണ്. പ്രധാനമന്ത്രി മോദിയെപ്പോലെ തന്‍റെ പാർട്ടി തെറ്റായ വാഗ്ദാനങ്ങൾ നൽകാറില്ലെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസിന്‍റെ പ്രകടന പത്രികയെ ബിജെപി വ്യാജ വാഗ്‌ദാനങ്ങളുടെ കെട്ട് എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.
ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ 25 ഉറപ്പുകൾ നിറവേറ്റുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി മോദിയെപ്പോലെ ഞങ്ങൾ കള്ളം പറയാറില്ല. അദ്ദേഹം നിരവധി ഉറപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഏത്ര ഉറപ്പാണ് പാലിച്ചതെന്ന് ഞാൻ നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്നു.
എല്ലാ വർഷവും 2 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. അങ്ങനെയെങ്കില്‍ 10 വർഷത്തിനിടെ 20 കോടി തൊഴിലവസരങ്ങൾ നൽകേണ്ടതാണ്. നിങ്ങൾക്ക് 20 കോടി തൊഴിലവസരങ്ങൾ ലഭിച്ചോ ഇല്ലയോ എന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
Also Read : ടിഎംസി ഗുണ്ടകള്‍ സ്ഥാനാര്‍ഥിയുടെ വാഹനം ആക്രമിച്ചു; പരാതിയുമായി ബിജെപി - West Bengal BJP Allegation On TMC