ഒട്ടാവ (കാനഡ) : ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ഇന്ത്യന്‍ പൗരന്മാര്‍ കനേഡിയന്‍ കോടതിയില്‍ ഹാജരായി. കരണ്‍ ബ്രാര്‍ (22), കമല്‍പ്രീത് (22), കരണ്‍പ്രീത് (28), അമന്‍ദീപ് സിങ് (22) എന്നിവരാണ് സറേയിലെ പ്രവിശ്യ കോടതിയില്‍ ഹാജരായത്. ഇവരില്‍ അമന്‍ദീപ് സിങ് വീഡിയോ കോണ്‍ഫറന്‍സ് വഴിയും മറ്റ് മൂന്നുപേര്‍ നേരിട്ടുമാണ് കോടതിയില്‍ ഹാജരായത്.
നിജ്ജാറിന്‍റെ കൊലപാതത്തിന് മുന്‍പുള്ള മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒന്‍റാറിയോയില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അമന്‍ദീപ് സിങ്. കേസ് ജൂണ്‍ 25ന് വീണ്ടും പരിഗണിക്കും. കോടതിയില്‍ നേരിട്ട് ഹാജരായവര്‍ ജയിലിലെ ചുവന്ന വസ്‌ത്രം ധരിച്ചുകൊണ്ടാണ് കോടതിയില്‍ എത്തിയത്.
സാമുദായിക താത്‌പര്യങ്ങളോടെ കേസിനെ പലരും സമീപിക്കുന്നു എന്നത് പകല്‍പോലെ വ്യക്തമാണെന്നും അതിനാല്‍ ന്യായമായ വിചാരണ നടക്കണമെന്നും കരണ്‍ ബ്രാറിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ബ്രാറും സംഘവും കോടതിയില്‍ എത്തിയപ്പോള്‍ പുറത്ത് നിജ്ജാര്‍ അനുകൂലികള്‍ പ്രതിഷേധിച്ചിരുന്നു.
2023 ജൂണ്‍ 18നാണ് സറേയില്‍ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയ്‌ക്ക് സമീപം നിജ്ജാര്‍ (45) കൊല്ലപ്പെട്ടത്. ഇന്ത്യ, കാനഡ നയതന്ത്ര ബന്ധത്തെ വളരെയധികം പ്രതികൂലമായി ബാധിച്ച സംഭവമായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍റുമാര്‍ക്കുള്ള പങ്കിനെ കുറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജെസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചിരുന്നു. ഇതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. പിന്നാലെ കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് താത്‌കാലികമായി ഇന്ത്യ റദ്ദാക്കിയിരുന്നു.