ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് കയ്യേറ്റമുണ്ടായെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് പിഎ നെഞ്ചിലും വയറ്റിലും അടിക്കുകയും ചവിട്ടുകയും ചെയ്‌തുവെന്ന് മലിവാള്‍ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് പിഎയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേസമയം എംപിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധനാഫലം പുറത്തുവന്നിട്ടുണ്ട്. കണ്ണിന് താഴെയും കവിളിലും ഇടത്തേ കാലിലും പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ എയിംസിലെത്തിയാണ് എംപി വൈദ്യപരിശോധനയ്ക്ക് വിധേയയായത്.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് എംപിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ച് തെളിവെടുപ്പും നടത്തി. മുടിക്കുത്തില്‍ പിടിച്ച പിഎ ബിഭവ് കുമാര്‍ വീടിനുള്ളിലൂടെ വലിച്ചിഴച്ചുവെന്ന് സ്വാതിയുടെ പരാതിയിലുണ്ട്. എഎപി, ബിഭവിന്‍റെ നിയന്ത്രണത്തിലാണെന്നും പരാതിക്ക് പിന്നാലെ എംപി സ്വാതി മലിവാള്‍ ആരോപിച്ചിരുന്നു. ബിഭവ് അറസ്റ്റിലായാല്‍ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവരുമെന്നും എംപി കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് പിഎ ബിഭവ് കുമാറും എംപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തണമെന്ന് മുന്‍കൂട്ടി അറിയിക്കാതെ ഓഫിസിലെത്തിയ മലിവാള്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചുവെന്നും തുടര്‍ന്ന് ഓഫിസിലേക്ക് അതിക്രമിച്ച് കയറിയെന്നുമാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചതിന് ശേഷം ഓഫിസിലെ പ്രധാന കെട്ടിടത്തിലേക്ക് കടക്കുകയായിരുന്നുവെന്നും ബിഭവ് പരാതിയില്‍ പറയുന്നു.
Also Read: കെജ്‌രിവാളിന്‍റെ പിഎ സ്വാതി മലിവാളിനെ മര്‍ദിച്ച സംഭവം ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാന്‍ പൊലീസ്
സംഭവം നടന്നുവെന്ന് പറയുന്ന ദിവസത്തെ മലിവാളിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കെജ്‌രിവാളിന്‍റെ വസതിയില്‍ നിന്നും പുറത്തേക്കിറങ്ങുന്ന എംപിയുടെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. സുരക്ഷ ഉദ്യോഗസ്ഥ എംപിയെ കൈപിടിച്ച് ഗേറ്റിന് പുറത്തെത്തിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഗേറ്റിന് പുറത്ത് കടക്കുന്ന മലിവാള്‍ ഉദ്യോഗസ്ഥയുടെ കൈ തട്ടിമാറ്റുന്നതും വീഡിയോയില്‍ കാണാം.