ശ്രീനഗർ (ജമ്മു കശ്മീർ) : അഞ്ച് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കശ്‌മീരി പത്ര പ്രവർത്തകൻ ആസിഫ് സുൽത്താൻ ഇന്ന്(29-02-2024) ജയിലില്‍ മോചിതനായി. 2018 ഓഗസ്റ്റിലാണ് പൊതുസുരക്ഷാ നിയമ (പിഎസ്എ) പ്രകാരം ആസിഫ് സുല്‍ത്താന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
2023 ഡിസംബർ 11-ന് ജമ്മു കശ്‌മീര്‍ ലഡാക്ക് ഹൈക്കോടതി ആസിഫ് സുല്‍ത്താനെ തടങ്കലിൽ വെക്കാനുള്ള ഉത്തരവ് റദ്ദാക്കി.ഉത്തരവ് വന്ന് 78 ദിവസങ്ങൾക്ക് ശേഷമാണ് സുൽത്താന്‍റെ മോചനം. അംബേദ്‌കർ നഗർ ജയിൽ അധികൃതർ കശ്‌മീരിലെ ജില്ലാ മജിസ്‌ട്രേറ്റിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ക്ലിയറൻസ് കത്ത് ആവശ്യപ്പെട്ടതോടെയാണ് മോചനം രണ്ടര മാസത്തോളം നീണ്ടുപോയത്.
നിരോധിത തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന് സാധനങ്ങള്‍ കടത്താന്‍ പിന്തുണ നൽകിയെന്ന് ആരോപിച്ചാണ് 2018 ഓഗസ്റ്റ് 27 ന് ആസിഫ് സുൽത്താനെ അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ പ്രകാരം തടങ്കലിലാക്കിയ സുല്‍ത്താന്‍റെ മേല്‍ പിന്നീട് പിഎസ്എ പ്രകാരം അധിക കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
എന്നാല്‍, സുല്‍ത്താനെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2022 ഏപ്രിലില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉത്തരവ് വന്ന് നാല് ദിവസത്തിന് ശേഷം പിഎസ്എ കുറ്റങ്ങള്‍ ചുമത്തി തടവിന്‍റെ കാലാവധി നീട്ടുകയായിരുന്നു.
സുല്‍ത്താന്‍റെ പത്ര പ്രവർത്തനത്തിന്‍റെ പേരിലാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് സുൽത്താൻ്റെ കുടുംബം പറഞ്ഞു. അദ്ദേഹം അസിസ്റ്റന്‍റ് എഡിറ്ററായി ജോലി ചെയ്‌തിരുന്ന 'കശ്‌മീർ നരേറ്ററി'ല്‍ 2018 ജൂലൈയിൽ 'ദ റൈസ് ഓഫ് ബുർഹാൻ' എന്ന പേരില്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്‍റെ പോസ്റ്റർ ബോയ് ബുർഹാൻ വാനിയെക്കുറിച്ചുള്ളതായിരുന്നു സ്റ്റോറി. തീവ്രവാദ ഗ്രൂപ്പിലെ ഓവർ ഗ്രൗണ്ട് പ്രവര്‍ത്തകരുമായുള്ള അഭിമുഖവും സ്റ്റോറിയിലുണ്ടായിരുന്നു.
2018 ഓഗസ്റ്റ് 12-ന് സുൽത്താന്‍റെ സമീപ പ്രദേശമായ ശ്രീനഗറിലെ ബറ്റാമാലൂവിൽ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ സുല്‍ത്താന്‍റെ പേരും ഉണ്ടായിരുന്നു. ഓഗസ്റ്റ് 27ന് അർദ്ധ രാത്രി നടത്തിയ റെയ്‌ഡിലാണ് ഇദ്ദേഹത്തെ പിടികൂടുന്നത്.
2019-ൽ,തടവിലിരിക്കേ നാഷണൽ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ ജോൺ ഓബുച്ചൺ പ്രസ് ഫ്രീഡം അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
മാധ്യമപ്രവർത്തകര്‍ അറസ്റ്റു ചെയ്യപ്പെടുന്ന നിരവധി കേസുകള്‍ കശ്‌മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ൽ ഫോട്ടോ ജേണലിസ്റ്റ് കമ്രാൻ യൂസഫിനെ എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു. സേനയ്‌ക്കെതിരെ നടന്ന കല്ലേറിലും സംഘട്ടനത്തിലും പങ്കുള്ളതായി ആരോപിച്ചാണ് കമ്രാൻ യൂസഫിനെ അറസ്റ്റ് ചെയ്‌തത്. 2018 മാർച്ചിലാണ് യൂസഫ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
സമാനമായ കേസില്‍ മറ്റൊരു പത്രപ്രവർത്തകന്‍ ഫഹദ് ഷാ 658 ദിവസം തടങ്കലിൽ കഴിഞ്ഞ് നവംബറിലാണ് മോചിതനായത്. യുഎപിഎ, പിഎസ്എ തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.