ബെംഗളൂരു : കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചതിൽ പ്രതിഷേധിച്ച് ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡിഗരെ കേൾക്കാത്തതിനാൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
'കർണാടകയുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ സർവകക്ഷി എംപിമാരുടെ യോഗം വിളിച്ചിരുന്നിട്ടും കേന്ദ്ര ബജറ്റ് നമ്മുടെ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചു'വെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി നിർമല സീതാരാമനും കർണാടകയിലെ ജനങ്ങളുടെ ആശങ്ക അവഗണിച്ചു.
Despite my earnest efforts in calling for an all-party MPs meeting in New Delhi to discuss Karnataka's essential needs, the Union Budget has neglected our state's demands.
— Siddaramaiah (@siddaramaiah) July 23, 2024
Finance Minister @nsitharaman, who also attended the meeting, has ignored the concerns of the people of…
'കന്നഡിഗർ പറയുന്നത് കേൾക്കുമെന്ന് തോന്നുന്നില്ല. അതിനാൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിൽ അർഥമില്ല. പ്രതിഷേധ സൂചകമായി ജൂലൈ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാനായി ഞങ്ങൾ തീരുമാനിച്ചു.' -സിദ്ധരാമയ്യ പോസ്റ്റ് ചെയ്‌തു.
മേകേദാതുവും മഹാദായിയും അംഗീകരിക്കണമെന്ന നമ്മുടെ കർഷകരുടെ ആവശ്യങ്ങൾ പോലും അവഗണിക്കപ്പെട്ടു. വിവിധ വിഭാഗങ്ങൾക്ക് കീഴിൽ നമ്മുടെ സംസ്ഥാനത്തിന് ഫണ്ട് വെട്ടിക്കുറച്ചത് തിരുത്താനുളള ഒരു ശ്രമവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മെട്രോയ്ക്കും മറ്റ് അടിസ്ഥാന പദ്ധതികൾക്കുമുള്ള ഫണ്ട് ഇപ്പോഴും വിദൂര സ്വപ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്ണുനട്ടിരിക്കുന്നതിനാൽ ആന്ധ്രപ്രദേശും ബിഹാറും ഒഴികെയുള്ള സംസ്ഥാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാണാൻ കഴിയുന്നില്ല. അദ്ദേഹത്തിൻ്റെ അജണ്ടയാണ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുന്നത്. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങളോടൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു'വെന്ന് സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.
Also Read: കന്നഡക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം; പഴയ ട്വീറ്റ് നീക്കി പുതിയതുമായി മുഖ്യമന്ത്രി