ബെംഗളൂരു : കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സുപ്രീം കോടതി മാതൃകയിൽ ആംഗ്യഭാഷ ഉപയോഗിച്ച് വാദിച്ച ബെംഗളൂരുവിലെ കേള്‍വി ബുദ്ധിമുട്ടുള്ള അഭിഭാഷക സാറ സണ്ണിയെ സഹായിക്കാൻ ഒരു ദ്വിഭാഷിയെ നിയമിക്കാൻ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തോട് കർണാടക ഹൈക്കോടതി നിർദേശിച്ചു. സ്‌കോട്ട്‌ലൻഡിലുള്ള ഭർത്താവും ബെംഗളൂരുവിലുള്ള ഭാര്യയും തമ്മിലുള്ള ഗാർഹിക പ്രശ്‌നത്തെ തുടർന്നാണ് ഭർത്താവിന് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ലുക്ക് ഔട്ട് നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ച കേസിൽ ഭാര്യയ്‌ക്ക് വേണ്ടി അഭിഭാഷക സാറ സണ്ണിയാണ് വാദിച്ചത്.
അഭിഭാഷകയെ സഹായിക്കാൻ നടപടിയെടുക്കാൻ ജസ്‌റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ച് കേന്ദ്രത്തോട് നിർദേശിച്ചു. അഡിഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത്, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എച്ച് ശാന്തിഭൂഷൻ എന്നിവരും കേസിലെ പ്രതികൾക്കായി ഇക്കാര്യം സമ്മതിച്ചു. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി, സാറ സണ്ണിക്ക് ദ്വിഭാഷിയെ ഏർപ്പാടാക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശം നൽകുകയും വാദം കേൾക്കൽ ഏപ്രിൽ 8 ലേക്ക് മാറ്റുകയും ചെയ്‌തു.
എന്താണ് കേസ്? : മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ നിന്നുള്ള ഭർത്താവ് 2004 ൽ ഉപരിപഠനത്തിനായി സ്‌കോട്ട്‌ലൻഡിലേക്ക് താമസം മാറിയിരുന്നു. നിലവിൽ അവിടെ ബാങ്ക് ഉദ്യോഗസ്ഥനായ അദ്ദേഹം ബ്രിട്ടീഷ് പൗരത്വവും നേടിയിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ 41 വയസായി. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ അദ്ദേഹം 2023 മെയ് 21 ന് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പട്ട ബെംഗളൂരു സ്വദേശിയായ 36 കാരിയെ വിവാഹം കഴിച്ചു.
വിവാഹ ദിവസം രാത്രി ഇരു വീട്ടുകാരും അത്താഴ വിരുന്നിൽ പങ്കെടുത്തു. ആ സമയം അവരുടെ ഭർത്താവിന്‍റെ ഫോണിൽ വന്ന ഒരു സന്ദേശം അവർ വായിക്കുകയും, അതിന്‍റെ പേരിൽ അവർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്‌തു. അവരുടെ ഭർത്താവ് ആ സ്ത്രീയോട് സ്‌നേഹ ബന്ധം പുലർത്തുന്നുണ്ടെന്ന് സന്ദേശം വായിച്ച അയാളുടെ ഭാര്യ മനസിലാക്കിയതായി ഹർജിയിൽ പറയുന്നുണ്ട്.
ഭർത്താവിനോട് സന്ദേശത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇവര്‍ തമ്മിൽ വാക്ക് തർക്കമുണ്ടായി. ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചിതായി സ്‌ത്രീ പരാതിയില്‍ പറയുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഭാര്യ ബസവനഗുഡി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഭർത്താവ്, അച്ഛൻ, അമ്മ, സഹോദരി, സഹോദരിയുടെ ഭർത്താവ് എന്നിവർക്കെതിരെയാണ് പരാതി. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ഗാർഹിക പീഡനം തടയുന്നതിനുള്ള നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്ത് ബസവനഗുഡി പൊലീസ് ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.