ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലെ കോൺഗ്രസിൻ്റെ ലോക്‌സഭ സ്ഥാനാർഥി കനയ്യ കുമാറിന് നേരെ ആക്രമണം. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം കനയ്യയ്‌ക്ക് നേരെ കറുത്ത മഷി എറിയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്‌ച ആയിരുന്നു സംഭവം.
എട്ടോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. എഎപി കൗൺസിലർ ഛായ ശർമയുടെ പരാതിയിലാണ് കേസെടുത്തതെന്ന് നോർത്ത്-ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജോയ് ടിർക്കി അറിയിച്ചു. ഛായ ശർമയോടും പ്രതികൾ അപമര്യാദയായി പെരുമാറിയതായി പരാതിയിൽ പറയന്നു.
വെള്ളിയാഴ്‌ച ന്യൂ ഉസ്‌മാൻപൂരിലെ എഎപി ഓഫിസിൽ നടന്ന യോഗത്തിൽ കനയ്യ കുമാർ പങ്കെടുത്തിരുന്നു. എഎപി കൗൺസിലർ ഛായ ശർമയാണ് യോഗത്തിന് നേതൃത്വം നൽകിയത്. യോഗത്തിന് ശേഷം ചിലരുമായി സംവദിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാവിനെതിരെ ആക്രമണം നടന്നത്. താനും കനയ്യയും കർതാർ നഗറിലെ പാർട്ടി ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ മാലയിടാനായി എത്തിയ ഏഴോ എട്ടോ പേർ മഷി എറിയുകയും മർദിക്കുകയും ചെയ്‌തതായി എഎപി കൗൺസിലർ പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ നാലോളം സ്‌ത്രീകൾക്ക് പരിക്കേറ്റതായും ഒരു വനിത മാധ്യമപ്രവർത്തക അഴുക്കുചാലിൽ വീണതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിലർ കനയ്യ കുമാറുമായി ഇടപഴകുന്നതും ഹാരമണിയിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെയായിരുന്നു ആക്രമണം.
അക്രമി സംഘത്തിലുള്ളവർ കറുത്ത മഷി എറിയുന്നതും വീഡിയോയിലുണ്ട്. ഛായ ശർമ്മ ഉൾപ്പടെ കനയ്യയുടെ ഒപ്പമുണ്ടായിരുന്നവർ ആക്രമണം തടയാൻ ശ്രമിച്ചു. എന്നാൽ തന്നോടും അവർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി ആംആദ്‌മി നേതാവ് പരാതിയിൽ വ്യക്തമാക്കി.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് കനയ്യ കുമാർ. രണ്ട് തവണ ബിജെപി എംപിയായ മനോജ് തിവാരിക്കെതിരെയാണ് കനയ്യ മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിൻ്റെ ഭാഗമായി കോൺഗ്രസ് മൂന്ന് സീറ്റുകളിലും എഎപി ഡൽഹിയിലെ നാല് മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്.
ALSO READ: കെജ്‌രിവാളിന് കിട്ടി, ഹേമന്ത് സോറന് കിട്ടിയില്ല: ഒരേ ജഡ്‌ജിമാര്‍ പരിഗണിച്ച രണ്ട് ജാമ്യാപേക്ഷകളുടെ കഥ