ശ്രീനഗര്‍: കശ്‌മീര്‍ ദോഡയിലെ ഉറാർ ബാഗിയിൽ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. ജമ്മു കശ്‌മീരിലെ ദോഡ, ഡെസ്സ മേഖലയിലേക്ക് ഭീകരർ നീങ്ങുന്നതായി സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരെക്കുറിച്ചുളള വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു.
കഴിഞ്ഞയാഴ്‌ച ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇൻ്റലിജൻസിൻ്റെ സഹായത്തോടുകൂടി ദോഡയുടെ വടക്ക് വശത്ത് ഇന്ത്യൻ ആർമിയുടെയും ജമ്മു കശ്‌മീർ പൊലീസിൻ്റെയും സംയുക്ത ഓപറേഷൻ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി 9ന് ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. തുടർന്ന് കനത്ത വെടിവയ്പ്പ് നടക്കുകയുണ്ടായി.
ഏറ്റുമുട്ടലില്‍ ഏതാനും സൈനികർക്ക് പരിക്കേറ്റു. ഇതോടെ കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ ഓപറേഷൻ തുടരുകയാണെന്ന് വൈറ്റ് നൈറ്റ്സ് കോർപ്‌സ് എക്‌സിലൂടെ പറഞ്ഞു.
Also Read: ജമ്മു കശ്‌മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; സൈനികൻ കൊല്ലപ്പെട്ടു