ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് പത്താം തവണയും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ഹാജരാകാന്‍ നോട്ടീസ് അയച്ചു. ഈ മാസം 31 ന് മുന്‍പ് ഹാജരാകാനാണ് നിര്‍ദേശം (Jharkhand CM Hemant Soren). ഇതിനിടെ കഴിഞ്ഞ ദിവസം സോറന്‍റെ ഡല്‍ഹിയിലെ വസതിയില്‍ ഇഡി തെരച്ചില്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്‍റെ ബിഎംഡബ്ല്യു കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പതിമൂന്ന് മണിക്കൂറോളം നീണ്ട തെരച്ചിലാണ് ഇഡി സോറന്‍റെ വസതിയില്‍ നടത്തിയത്.
ചോദ്യം ചെയ്യലിനായി എവിടെ ഹാജരാകാന്‍ പറ്റുമെന്ന ചോദ്യവും സമണ്‍സില്‍ ഇഡി നടത്തിയിട്ടുണ്ട്. ഇക്കുറിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ തങ്ങള്‍ താങ്കളെ തേടിയെത്തുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട് (ED seizes Soren's bmw). സോറനെ കാണാനില്ലെന്നാണ് ഇഡിയുടെ ഭാഷ്യം.
അദ്ദേഹത്തെ ബന്ധപ്പെടാനാകുന്നില്ലെന്നും ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആണെന്നും അവര്‍ പറയുന്നു. അതേസമയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവിനെയും അദ്ദേഹത്തിന്‍റെ പദവിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള അധികൃതരുടെ ശ്രമമാണ് ഇതെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ പ്രതികരണം (soren vs bjp potboiler). ഇഡിയുമായി തങ്ങള്‍ നിരന്തരം ബന്ധം പുലര്‍ത്തി വരികയാണെന്നും നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് റാഞ്ചിയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത കുടുംബാംഗം വ്യക്തമാക്കി.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ സോറന്‍റെ ഡല്‍ഹിയിലെ വസതിയിലെത്തിയ ഇഡി സംഘം രാത്രി പത്തരയോടെയാണ് മടങ്ങിയത്. ഇവര്‍ക്കൊപ്പം ഡല്‍ഹി പൊലീസും ദക്ഷിണ ഡല്‍ഹിയിലെ ശാന്തി നികേതനില്‍ എത്തിയിരുന്നു. വന്‍ മാധ്യമസംഘവും വസതിക്ക് പുറത്ത് തമ്പടിച്ചു. കാറിന് പുറമെ ഇഡി ഇവിടെ നിന്ന് ചില രേഖകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജനുവരി 27ന് സോറന്‍ ഡല്‍ഹിയിലുണ്ടായിരുന്നു. ചില വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഇഡിയെത്തുമ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഇഡിയെ പേടിച്ച് പതിനെട്ട് മണിക്കൂറായി സോറന്‍ ഒളിവിലാണെന്നാണ് ജാര്‍ഖണ്ഡ് ബിജെപിയുടെ ആരോപണം. സംസ്ഥാനത്തിന്‍റെ വിശ്വാസ്യതയും ധാര്‍മ്മികതയും കാത്തുസൂക്ഷിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ബിജെപി, സംസ്ഥാന ഗവര്‍ണര്‍ സി പി രാധാകൃഷ്‌ണനോട് ആവശ്യപ്പെട്ടു.
ഈ മാസം 20ന് സോറനെ റാഞ്ചിയിലെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തിരുന്നു. 29നും മുപ്പത്തൊന്നിനുമിടയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോട് സോറന്‍ പ്രതികരിച്ചിട്ടുണ്ടെന്നും എന്നാല്‍ ചോദ്യം ചെയ്യാനുള്ള സമയവും സ്ഥലവും സംബന്ധിച്ച് ധാരണ ആയിട്ടില്ലെന്നുമാണ് ഇഡിയുടെ വിശദീകരണം. ഇഡി തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും സംസ്ഥാന ഭരണം തടസപ്പെടുത്തുന്നുവെന്നുമാണ് സോറന്‍റെ ആരോപണം.