ശ്രീനഗര്‍: ജമ്മു കശ്‌മീരിന് സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ പാസാക്കിയ പ്രമേയവുമായി പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ഒമര്‍ അബ്‌ദുള്ളയും അദ്ദേഹത്തിന്‍റെ അഞ്ച് മന്ത്രിമാരും ശ്രീനഗറിലെ സെക്രട്ടേറിയേറ്റില്‍ ഇന്ന് ചേര്‍ന്ന ആദ്യ മന്ത്രിസഭയോഗത്തിലാണ് ഈ പ്രമേയം പാസാക്കിയത്.
സംസ്ഥാനപദവിയ്ക്ക് വേണ്ടിയുള്ള പ്രമേയം പാസാക്കിയെന്ന് ഇടിവി ഭാരതിനോട് പുതിയ സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എല്ലാ മന്ത്രിമാരും ഏകകണ്ഠമായി പ്രമേയത്തെ പിന്തുണച്ചു. അതേസമയം മന്ത്രിസഭ യോഗത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്‌താവനകളൊന്നും ഉണ്ടായിട്ടില്ല. പിന്നീട് പ്രസ്‌താവന പുറത്ത് വിടുമെന്നാണ് വിശദീകരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ മാസം പതിനാറിനാണ് ഒമര്‍ അബ്‌ദുള്ള മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അഞ്ച് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം ചുമതലയേറ്റു. ജമ്മുവില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിയും കശ്‌മീരില്‍ നിന്നുള്ള രണ്ട് മന്ത്രിമാരുമാണ് ചുമതലയേറ്റത്.
മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം ആദ്യമായാണ് ഒമര്‍ അബ്‌ദുള്ള പ്രധാനമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്‌ചയ്ക്ക് പോകുന്നത്. സംസ്ഥാന പദവിയടക്കമുള്ള വിഷയങ്ങള്‍ ഒമര്‍ അബ്‌ദുള്ള പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ഏറ്റവും ഒടുവില്‍ 2019 ഓഗസ്റ്റില്‍ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്‌ഛേദം 370 അസാധുവാക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഒമര്‍ അബ്‌ദുള്ള പ്രധാനമന്ത്രിയെ കണ്ടത്. പിതാവും മുന്‍ പാര്‍ലമെന്‍റംഗവുമായിരുന്ന ഫാറൂഖ് അബ്‌ദുള്ളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ജമ്മുകശ്‌മീരിന്‍റെ സംസ്ഥാന പദവി തന്നെയാണ് ഒമര്‍ അബ്‌ദുള്ള സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വിഷയം. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പിന്‍വലിക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്‌തത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജമ്മു കശ്‌മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തില്‍ മോദി ഒമര്‍ കൂടിക്കാഴ്‌ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇതിനിടെ ജമ്മു കശ്‌മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതിയും അറിയിച്ചിരുന്നു. വിദ്യാഭ്യാസ വിചക്ഷണനായ സഹൂര്‍ അഹമ്മദും ഖുര്‍ഷിദ് മാലിക്കുമാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.
ALSO READ: കേന്ദ്രം സംഘടിപ്പിച്ച ചർച്ചയ്ക്ക് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം
അതേസമയം ജമ്മു കശ്‌മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുക കുറച്ച് കാലത്തേക്ക് മാത്രമാകുമെന്നും സംസ്ഥാന പദവി തിരിച്ച് കിട്ടുമെന്നുമുള്ള ഉറച്ച ശുഭാപ്‌തി വിശ്വാസത്തിലാണ് ഒമര്‍. എന്നാല്‍ ഭരണ കക്ഷിയുടെ രാഷ്‌ട്രീയ എതിരാളികള്‍ ഈ നീക്കത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനം അംഗീകരിക്കലിന് അപ്പുറം ഈ പ്രമേയത്തില്‍ ഒന്നുമില്ല എന്നാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയമസഭാംഗം വഹീദ് പര പറഞ്ഞു. അനുച്ഛേദം 370ന്‍മേല്‍ യാതൊരു പ്രമേയവുമില്ലാതെ കേവലം സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് മാത്രമുള്ള പ്രമേയം വലിയ തിരിച്ചടിയാണ്. 370ാം അനുച്‌ഛേദം പുനസ്ഥാപിക്കുമെന്ന് പറഞ്ഞാണ് ജനങ്ങളുടെ വോട്ട് വാങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.