ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നടന്ന എട്ടാമത് മുഹറം ഘോഷയാത്രയില്‍ പലസ്‌തീനും ഗാസയ്‌ക്കും പിന്തുണ. ഘോഷയാത്ര സുഗമമായി നടക്കുന്നതിനായി ഭരണകൂടം ഏര്‍പ്പെടുത്തിയ നിബന്ധനകൾ വകവയ്ക്കാതെ, പാലസ്‌തീന്‍ പതാകകൾ വീശിയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌തുമാണ് ഘോഷയാത്ര നടത്തിയത്. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ അവർ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.
'നീതിക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി എന്നും നിലകൊണ്ട ഇമാം ഹുസൈൻ്റെ സന്ദേശം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു'- എന്ന് ഘോഷയാത്രയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ മജിസ്‌ട്രേറ്റ് ശ്രീനഗർ ബിലാൽ മോഹി-ഉദ്-ദിൻ ഭട്ടിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം നിരവധി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.
രാജ്യത്തിന്‍റെ സുരക്ഷയും പരമാധികാരവും ഹനിക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുത് എന്നതായിരുന്നു പ്രധാന നിബന്ധന. കൂടാതെ, പ്രകോപനപരവും നിരോധിത സംഘടനകളുമായി ബന്ധമുള്ളതുമായ പതാകകളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കാന്‍ പാടില്ല എന്നും നിര്‍ദേശിച്ചിരിന്നു. എന്നാല്‍ ഈ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തിയാണ് മുഹറം ഘോഷയാത്ര നടന്നത്.
ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ ഭരണകൂടം തുടർച്ചയായ രണ്ടാം വർഷവും മുഹറം ഘോഷയാത്ര ശ്രീനഗറിലെ പരമ്പരാഗത വഴിയിലൂടെ കൊണ്ടുപോകാൻ അനുവദിച്ചതിനെ തുടര്‍ന്നാണ് ഘോഷയാത്ര ഇന്ന് നടന്നത്. കരൺ നഗറിലെ ഗുരു ബസാറിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ദൽഗേറ്റിൽ സമാപിച്ചു. യാത്രയ്ക്കിടയില്‍ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വഴിയിലുടനീളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടായിരുന്നു.
മുഹറം ഘോഷയാത്രയ്ക്ക് ഇടയില്‍ പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കും സുഗമമായ സഞ്ചാരം ഉറപ്പാക്കാനുളള നടപടികളും ഭരണകൂടം സ്വീകരിച്ചു. 1990-കൾ മുതൽ ശ്രീനഗറിൽ മുഹറം ഘോഷയാത്രകൾ നിരോധിച്ചിരുന്നു. 2023-ലെ എൽജി ഭരണകൂടമാണ് മതപരമായ ആചാരങ്ങൾ നടത്താനുള്ള അവകാശം മുന്‍നിര്‍ത്തി മുഹറം ഘോഷയാത്ര നടത്താനുളള അനുമതി നല്‍കിയത്. ഈ തീരുമാനം കശ്‌മീരിലെ ഷിയാ സമൂഹം സ്വാഗതം ചെയ്‌തു.